കേരളത്തിൽ ലൗ ജിഹാദിനൊപ്പം നര്‍ക്കോട്ടിക് ജിഹാദും, ആരോപണവുമായി പാലാ ബിഷപ്പ്
കോട്ടയം: ചെറുപ്രായത്തിൽ തന്നെ കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നര്‍ക്കോട്ടിക്-ലൗ ജിഹാദികള്‍ ഇരയാക്കുന്നെന്ന പ്രസ്താവനയുമായി പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗങ്ങളാണ് അവർ ഉപയോഗിക്കുന്നതെന്നും ഇക്കാര്യത്തിൽ കത്തോലിക്കാ കുടുംബങ്ങൾ ജാഗ്രത പുലർത്തണമെന്നും കുറവിലങ്ങാട് പള്ളിയുടെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ബിഷപ് മുന്നറിയിപ്പ് നൽകുന്നു.
കത്തോലിക്കാ യുവാക്കളെയും ഹൈന്ദവ യുവാക്കളെയും ലക്ഷ്യംവച്ചുകൊണ്ട് മയക്കുമരുന്നിനും മറ്റ് ലഹരിക്കും അടിമയാക്കുന്നതിനുവേണ്ടി പ്രത്യേക സംഘങ്ങള്‍ കേരളത്തില്‍ പലയിടത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിച്ച് യുദ്ധംചെയ്യാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള കുതന്ത്രങ്ങളിലൂടെ മറ്റു മതങ്ങളെ നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇക്കൂട്ടര്‍ക്കുള്ളത്. ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ രണ്ടു കാര്യങ്ങളാണ് ലൗ ജിഹാദും നര്‍ക്കോട്ടിക് ജിഹാദും. കേരളം തീവ്രവാദികളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറുന്നതായും തീവ്രവാദികളുടെ സ്ലീപ്പിംഗ് സെല്ലുകള്‍ ഇവിടെയ ഉണ്ടെന്നും മുന്‍ ഡിജിപി പറഞ്ഞിട്ടുണ്ട്- അദ്ദേഹം പറയുന്നു.
ലോകത്തില്‍ നീതിയും സമാധാനവും ഇസ്ലാം മതവും സ്ഥാപിക്കാന്‍ യുദ്ധവും സമരവുമൊക്കെ ചെയ്യണമെന്ന തീവ്രവാദമാണ് ചുരുക്കം ചില ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്നത്. വര്‍ഗീയതയും വിദ്വേഷവും വെറുപ്പും മതസ്പര്‍ദ്ധയും അസഹിഷ്ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ ലോകമെമ്പാടും ഉണ്ട്.ലൗവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. ഇത്തരക്കാർക്ക് നിഷിപ്ത താത്പര്യമുണ്ട്. മുസ്ലീം ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ പല തരത്തിൽ ശ്രമം നടക്കുന്ന അവസ്ഥ നിലവിലുണ്ട് . ഹലാൽ വിവാദമൊക്കെ ഇതിൻ്റെ ഭാഗമാണ്- ബിഷപ്പ് പറഞ്ഞു.