Madhavam header
Above Pot

പെഗസസ് , വാർത്തകൾ ശരിയെങ്കിൽ ഗൗരവമുള്ളത് : സുപ്രീം കോടതി

ന്യൂഡൽഹി ∙ പ്രതിപക്ഷ നേതാക്കളുടെയും മാധ്യമ പ്രവർത്തകരുടെയും മറ്റും ഫോൺ ചോർത്താൻ ലക്ഷ്യമിട്ടുള്ള പെഗസസിനെ കുറിച്ചുള്ള വാർത്തകൾ ശരിയാണെങ്കിൽ വിഷയം ഗൗരവമുള്ളതാണെന്നു സുപ്രീം കോടതി. പെഗസസ് വിവാദം സംബന്ധിച്ചു പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ പരാമർശം.

ചീഫ് ജസ്റ്റിസ് എൻ.വി.രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുട‌െ ബെഞ്ചാണു ഹർജികൾ പരിഗണിച്ചത്. സത്യം പുറത്തുവരണമെന്നു പറഞ്ഞ കോടതി, ഹിയറിങ്ങിനു കേന്ദ്ര സർക്കാർ പ്രതിനിധിയും ഉണ്ടാകണമെന്നു നിർദേശിച്ചു. ചൊവ്വാഴ്ച ഹർജികൾ വീണ്ടും പരിഗണിക്കും. രണ്ടുദിവസം മുൻപ് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സമർപ്പിച്ച ഹർജിയിൽ, പെഗസസ് കരാറിനെക്കുറിച്ചും ലക്ഷ്യമിട്ടവരുടെ പട്ടികയെക്കുറിച്ചും സർക്കാരിൽനിന്നു വിശദാംശങ്ങൾ തേടാൻ സുപ്രീംകോടതിയോട് അഭ്യർഥിച്ചിരുന്നു.

Astrologer

സിപിഎം എംപി ജോൺ ബ്രിട്ടാസും അഡ്വ. എം.എൽ.ശർമയും ഹർജികൾ നൽകിയിട്ടുണ്ട്. മുൻ ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വിവാദം അന്വേഷിക്കണമെന്നു മുതിർന്ന മാധ്യമപ്രവർത്തകരായ എൻ.റാമും ശശികുമാറും നേരത്തേ ആവശ്യപ്പെട്ടിരുന്നു. ‘സ്വാതന്ത്ര്യം വലിയ പ്രത്യാഘാതം നേരിടുന്നു’ എന്ന് ഇവരുടെ അഭിഭാഷകനായ കപിൽ സിബൽ ചീഫ് ജസ്റ്റിസിനോട് പറഞ്ഞു. മാധ്യമ പ്രവർത്തകരും പ്രതിപക്ഷ നേതാക്കളും ജഡ്ജിമാരും പെഗസസ് പട്ടികയിലുണ്ടെന്നും സിബൽ വ്യക്തമാക്കി.

വിഷയം അന്വേഷിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ജുഡീഷ്യൽ കമ്മിഷൻ രൂപീകരിച്ചിരുന്നു. ദ് വയർ അടക്കമുള്ള മാധ്യമ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ആഗോള കൂട്ടായ്മയാണ് ഇസ്രയേലി ചാര സോഫ്റ്റ്‌വെയർ ആയ പെഗസസ് ഇന്ത്യക്കാരുടെ 300 ഫോണുകളിൽ ഉള്ളതായി വെളിപ്പെടുത്തിയത്. എന്നാൽ, എല്ലാ ഫോണുകളും ഹാക്ക് ചെയ്യപ്പെട്ടതായി ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയ കേന്ദ്ര സർക്കാർ, ഏജൻസികളുടെ അനധികൃത ഇടപെടൽ ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ്.

Vadasheri Footer