മനുഷ്യാവകാശപ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു
മുംബൈ: മനുഷ്യാവകാശപ്രവർത്തകനും ജെസ്യൂട്ട് പുരോഹിതനുമായ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു. എൺപത്തിനാല് വയസ്സായിരുന്നു. ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു ഫാദർ സ്റ്റാൻ സ്വാമി. ഇന്ന് സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേ, അഭിഭാഷകനാണ് ഉച്ചയ്ക്ക് ഒന്നരയോടെ അദ്ദേഹത്തിന്‍റെ അന്ത്യം സംഭവിച്ചുവെന്ന് അറിയിച്ചത്.
കൊവിഡ് ബാധിതനായിരുന്നു ഫാദർ സ്റ്റാൻ സ്വാമി. പിന്നീട് രോഗം മാറിയെങ്കിലും കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു.
അടിയന്തരമായി അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകർ കോടതിയെ ഇന്ന് രാവിലെ സമീപിച്ചിരുന്നു. മെയ് 30 മുതൽ ആശുപത്രിയിൽ ചികിത്സയിലാണ് ഫാദർ സ്റ്റാൻ സ്വാമി. ജയിലിൽ കഴിയവേ അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ബോംബെ ഹൈക്കോടതി ഇടപെട്ടാണ് സ്റ്റാൻ സ്വാമിക്ക് ചികിത്സ ഉറപ്പാക്കിയത്. ശനിയാഴ്ച അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവേ അദ്ദേഹം ഐസിയുവിലാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. മഹാരാഷ്ട്ര സർക്കാരിനോട് സ്റ്റാൻ സ്വാമിക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ കത്ത് നൽകിയിരുന്നു. ഇതിനിടയിലാണ് ആരോഗ്യാവസ്ഥ വഷളായി അദ്ദേഹത്തിന്‍റെ അന്ത്യം സംഭവിച്ചത്.
എന്നാൽ ഇന്നുച്ചയ്ക്ക് സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ ബാന്ദ്ര ഹോളിഫെയ്ത്ത് ആശുപത്രി ഡയറക്ടർ ഇയാൻ ഡിസൂസയാണ് സ്റ്റാൻ സ്വാമി അന്തരിച്ചെന്ന വിവരം കോടതിയെ അറിയിച്ചത്. ”ഞായറാഴ്ച പുലർച്ചെ 2.30-ന് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. പിന്നീട് അദ്ദേഹത്തിന് ബോധം തെളിഞ്ഞതേയില്ല. പിന്നീട് ഇന്ന് ഉച്ചയ്ക്ക് 1.24-ന് അദ്ദേഹം മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. പ്രാഥമികമായി അദ്ദേഹത്തിന്‍റെ മരണകാരണം പൾമിനറി അണുബാധയും, പാർക്കിൻസൺസ് അസുഖവുമാണ് എന്ന് പറയാം. മറ്റ് അസുഖങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു”, എന്ന് ഡോ. ഇയാൻ ഡിസൂസ കോടതിയെ അറിയിച്ചു.
വിവരം കേട്ട ബോംബെ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ജഡ്ജി ജസ്റ്റിസ് എസ് എസ് ഷിൻഡെ ഇങ്ങനെ പ്രതികരിച്ചു. ”അദ്ദേഹത്തിന്‍റെ മരണവാർത്ത കേട്ട് അക്ഷരാർത്ഥത്തിൽ ഞങ്ങൾ സ്തബ്ധരാണ്. ഏറ്റവുമൊടുവിൽ നടന്ന വിചാരണയിലും അദ്ദേഹത്തിന് ഇഷ്ടമുള്ള ആശുപത്രിയിൽത്തന്നെ ചികിത്സ തുടരാൻ ഞങ്ങളനുവദിച്ചിരുന്നു. ഞങ്ങൾക്ക് പറയാൻ വാക്കുകളില്ല”.
കഴിഞ്ഞ വർഷം റാഞ്ചിയിൽ വച്ച് ഒക്ടോബർ എട്ടിനാണ് മനുഷ്യാവകാശ പ്രവർത്തകനായ ഫാദർ സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആദിവാസികൾക്കും ദളിതർക്കുമിടയിൽ സജീവമായി പ്രവർത്തിച്ചുവന്നിരുന്ന സ്റ്റാൻ സ്വാമിയെ ഭീമ കൊറേഗാവ് കലാപത്തിൽ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. അന്ന് മുതൽ മുംബൈയിലെ തലോജ സെൻട്രൽ ജയിലിലാണ് സ്റ്റാൻ സ്വാമി.