തൃശൂർ: കൊവിഡ് കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിൽ 5 ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 47, ഒരുമനയൂർ ഗ്രാമപഞ്ചായത്ത്, വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത്, കുഴൂർ ഗ്രാമപഞ്ചായത്ത്, കടപ്പുറം ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് ജില്ലാ കലക്ടർ 144 പ്രഖ്യാപിച്ചത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നിരോധനാജ്ഞ. ഈ പ്രദേശങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലാണ്. ജില്ലയിൽ ഇന്ന് 1149 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതിനിടെ തൃശൂർ പൂരം കാണാൻ എത്തുന്നവർ കൊവിഡ് വാക്സീൻ രണ്ട് ഡോസുകളും എടുത്തിരിക്കണമെന്നത് നിർബന്ധമാക്കി ഉത്തരവിറങ്ങി. വാക്സീൻ ഒറ്റ ഡോസ് മതിയെന്ന നിർദേശം പിൻവലിച്ചാണ് പ്രത്യേക ഉത്തരവിറക്കിയത്. രണ്ടു ഡോസ് വാക്സീൻ എടുക്കാത്തവർക്ക് ആർ.ടി.പി.സി.ആർ പരിശോധന വേണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി പൂരത്തിനായി പുറത്തിറക്കിയ പ്രത്യേക ഉത്തരവിൽ പറയുന്നു.