സോളാർ പീഡന കേസ്; ഉമ്മൻ ചാണ്ടിക്കെതിരെ ഇതുവരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്.
ന്യൂഡൽഹി: സോളാർ ലൈംഗിക പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ക്ലീൻചിറ്റ് നൽകി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. സംസ്ഥാന ആഭ്യന്തര മന്ത്രാലയം കേന്ദ്രസർക്കാറിന് അയച്ച റിപ്പോർട്ടിലാണ് ഉമ്മൻ ചാണ്ടിക്കെതിരായ പീഡന പരാതിയിൽ തെളിവില്ലെന്ന് വ്യക്തമായത്. ഇതോടെ കേസ് സിബിഐക്ക് വിട്ട പിണറായി വിജയൻ സർക്കാർ പ്രതിരോധത്തിലായി. 2012 സെപ്റ്റംബർ 19ന് ക്ലിഫ്ഹൗസിൽ വച്ചാണ് സംഭവം നടന്നതെനനാണ് പരാതിക്കാരി പറയുന്നത്. എന്നാൽ, ഇതേദിവസം ഉമ്മൻ ചാണ്ടി ക്ലിഫ്ഹൗസിൽ ഉണ്ടായിരുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെയും പേഴ്‌സണൽ സ്റ്റാഫിനെയും ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നും പരാതിക്കാരി സംഭവം നടന്ന ദിവസം ക്ലിഫ്ഹൗസിൽ വന്നില്ലെന്നാണ് വ്യക്തമായത്.
ഏഴ് വർഷം മുമ്പുള്ള ഫോൺരേഖകൾ ലഭ്യമല്ലെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്. രാഷ്ട്രീയ വൈരം തീർക്കാനുള്ള കേസാണിത്. അതുകൊണ്ട് തന്നെ കേസിൽ രാഷ്ട്രീയമായി കെട്ടിച്ചമച്ചതാണെന്ന നിഗമനത്തിലേക്കാണ് ക്രൈംബ്രാഞ്ച് പോകുന്നത്. ഉമ്മൻ ചാണ്ടിക്കും മറ്റ് നേതാക്കൾക്കും എതിരായ സോളാർ പീഡനക്കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് അടുത്തിടെയാണ് സർക്കാർ ഉത്തരവിറക്കിയത്. 2018ലാണ് പരാതിക്കാരുടെ മൊഴി പ്രകാരം ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യുന്നത്. തുടർന്ന് രണ്ടര വർഷം ക്രൈംബ്രാഞ്ച് കേസിൽ അന്വേഷണം നടത്തി. തുടർന്ന് പരാതിക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് സിബിഐയ്ക്ക് വിടുന്നത്.
നടപടിക്രമങ്ങളുടെ ഭാഗമായി കേസ് അന്വേഷണത്തിന്റെ സ്ഥിതിവിവര റിപ്പോർട്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ് കേന്ദ്ര സർക്കാരിന് അയച്ചിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ഉമ്മൻ ചാണ്ടിക്കെതിരായി തെളിവ് ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്ന കാര്യങ്ങൾ നടന്നതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നുമുള്ള വിവരമാണ് ഈ റിപ്പോർട്ടിലുള്ളത്. ഉമ്മൻ ചാണ്ടിക്ക് ക്ലീൻചിറ്റ് നൽകിയ ക്രൈംബ്രാഞ്ച് റിപ്പോർട്ടോടെ കേസ് സിബിഐക്ക് വിട്ട പിണറായി സർക്കാർ പ്രതിരോധത്തിലായി. തെരഞ്ഞെടുപ്പു കാലത്ത് ഉമ്മൻ ചാണ്ടിക്ക് കൂടുതൽ ഊർജ്ജം പകരുന്നതാണ് ക്ലീൻചിറ്റ് നൽകിയ റിപ്പോർട്ട്.
കേസ് അന്വേഷിക്കുന്നതിന്റെഭാഗമായി സിബിഐയുടെ പ്രാഥമിക പരിശോധന അടുത്ത ദിവസങ്ങളിൽ തുടങ്ങിയിരുന്നു. ഇതിനു മുന്നോടിയായി പരാതിക്കാരി ഡൽഹിയിലെ ആസ്ഥാനത്തെത്തി സിബിഐ ഡയറക്ടറെ കണ്ടു. തനിക്ക് പറയാനുള്ളത് ഡയറക്ടറോട് വ്യക്തമാക്കിയതായതായാണ് അവർ മാധ്യമങ്ങളോട് പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് സമയം നോക്കിയല്ല പരാതിയുമായി മുന്നോട്ടുപോകുന്നത്. ആറു വർഷമായി ഇതിനു പിറകെയുണ്ട്. പലതരം നൂലാമാലകളുള്ളതിനാൽ സംസ്ഥാന പൊലീസിന് പരിമിതികളുണ്ടായിരുന്നു.
അതുകൊണ്ടുകൂടിയാണ് നിഷ്പക്ഷ ഏജൻസിയെന്ന നിലയിൽ സിബിഐയെ സമീപിച്ചത്.മുല്ലപ്പള്ളിക്ക് തോന്നിക്കാണും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നടക്കുന്ന കേസാണിതെന്ന്. സ്ത്രീകളോടുള്ള കോൺഗ്രസിന്റെ പെരുമാറ്റം വേദനിപ്പിക്കുന്നതാണെന്നും പരാതിക്കാരി പറഞ്ഞു. കോൺഗ്രസിലെ ഉന്നത നേതാക്കൾക്ക് എതിരെയും ബിജെപിയുടെ ദേശീയ ഉപാധ്യക്ഷന് എതിരെയുമുള്ള നിർണായകമായ കേസ് സി ബി ഐ അന്വേഷിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ ഐ സി സി ജനറൽ സെക്രട്ടി കെ സി വേണുഗോപാൽ, മുന്മന്ത്രി അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ, എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ പീഡന പരാതികളാണ് സി ബി ഐയ്ക്ക് വിട്ടിരിക്കുന്നത്. പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് സി ബി ഐക്ക് കൈമാറിയത്.
എന്നാൽ, ഇടതു സർക്കാരിന്റെ കാലഘട്ടത്തിൽ കഴിഞ്ഞ നാല് വർഷമായി സോളാർ തട്ടിപ്പ് കേസും പീഡനപ്പരാതികളിലെ അന്വേഷണവും ഇഴഞ്ഞു നീങ്ങുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേസ് സി ബി ഐക്ക് കൈമാറിയത് രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.