ഗുരുവായൂർ ആനയോട്ടത്തിൽ വമ്പനെ പിന്തള്ളി കൊമ്പൻ ഗോപീകൃഷ്ണൻ ജേതാവായി
ഗുരുവായൂര്‍: ഗുരുവായൂര്‍ ആനയോട്ടമത്സരത്തില്‍ ഗോപീകൃഷ്ണന്‍ ഇത്തവണ ജേതാവായി . ആനയോട്ടമത്സരത്തില്‍, തുടര്‍ച്ചയായി കഴിഞ്ഞ രണ്ടുതവണയുള്‍പ്പടെ എട്ടുതവണ വിജയകീരീടം കരസ്ഥമാക്കിയ ഗോപികണ്ണനെ പിന്തള്ളിയാണ് ഗോപീകൃഷ്ണന്‍ ജേതാവായത്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി ഓട്ടമത്സരത്തില്‍ ഗോപീകൃഷ്ണന്‍, ഗോപീകണ്ണന്‍, ദേവദാസ് എന്നീ മൂന്നാനകള്‍ മാത്രമെ പങ്കെടുത്തുള്ളു. കരുതലായി ചെന്താമരാക്ഷനേയും പുറകില്‍ നിര്‍ത്തിയിരുന്നു.
ഉച്ചയ്ക്ക് കൃത്യം മൂന്നിന് ക്ഷേത്രത്തിലെ ഗോപുരത്തിൽ വെച്ച് അവകാശികള്‍ കൈമാറിയ കുടമണികളുമായി പാപ്പാന്മാരെത്തി. ആനകള്‍ക്ക് കുടമണി കെട്ടിയതോടെ മാരാരുടെ മൂന്നുതവണയോടേയുള്ള ശംഖുവിളിയ്ക്കുശേഷം മൂന്ന് കൊമ്പന്മാര്‍ ഓട്ടം ആരംഭിച്ചു. തുടക്കത്തില്‍ ഗോപീകൃഷ്ണന്‍ കുതിച്ചുപാഞ്ഞെങ്കിലും, ഇരുനൂറ് മീറ്റര്‍ പിന്നിട്ടതോടെ രണ്ടാം സ്ഥാനത്തായിരുന്ന ഗോപീകണ്ണന്‍ ഗോപീകൃഷ്ണനെ പിന്നിലാക്കി കുതിച്ചു. ഗോപീകണ്ണന്റെ മുന്നേറ്റത്തെ സര്‍വ്വശക്തിയും ഉപയോഗിച്ചാണ് പോസ്റ്റാഫീസ് കവാടം പിന്നിട്ടതോടെ ഗോപീകൃഷ്ണന്‍ മുന്നേറിയത്.
പിന്നീട് ഗോപീകണ്ണന് ഗോപീകൃഷ്ണനെ മറികടക്കാനായില്ല. മുന്നിലെത്തിയ ഗോപീകൃഷ്ണന്‍ ക്ഷേത്രത്തിനകത്ത് ഏഴ് തവണ ഓട്ടം പൂര്‍ത്തിയാക്കി സ്വര്‍ണ്ണഗോപുരം തൊട്ടുവണങ്ങിയതോടെ ഗോപീകൃഷ്ണനെ വിജയിയായി പ്രഖ്യാപിച്ചു. ശീവേലിയ്ക്കും, ശ്രീഭൂതബലിയ്ക്കും കണ്ണന്റെ തങ്കതിടമ്പേറ്റാനുള്ള നിയോഗം ഇനി ഗോപീകൃഷ്ണന് മാത്രം സ്വന്തം. അനേകതവണ ഓട്ട മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും, രണ്ടര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു തവണ മാത്രമെ ഗോപീകൃഷ്ണന്‍ ഓട്ടമത്സരത്തില്‍ വിജയിച്ചിട്ടുള്ളു. ഇത്തവണ പിന്നിലാക്കിയതാകട്ടെ, റെക്കോഡ് ജേതാവിനെയും. ഒന്നാം പാപ്പാനായ രാജൻ എന്ന ശ്രീകുമാർ , മോഹൻ , രമേശ് എന്നീ സഹായികളും കൂടിയാണ് ഗോപീ കൃഷ്ണനെ വിജയ തീരത്തേക്ക് എത്തിച്ചത്
ഗുരുവായൂര്‍ അസി: പോലീസ് കമ്മീഷണര്‍ ടി.പി. ശ്രീജിത്, ടെമ്പിള്‍ സി.ഐ: കെ.ജി ഋഷികേശന്‍ നായര്‍, എസ്.ഐമാരായ ഗിരി, സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ഗുരുവായൂരില്‍ സുരക്ഷയൊരുക്കിയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നുവെങ്കിലും, മജ്ഞുളാല്‍ മുതല്‍ കിഴക്കേ നടപന്തല്‍ വരെ വന്‍ ജനങ്ങള്‍ ആനയോട്ടം കാണാന്‍ ഇരുവശങ്ങളിലുമായി നിലയുറപ്പിച്ചിരുന്നു.