ഗുരുവായൂര്‍ ബ്രഹ്മകുളം സ്‌കൂളില്‍ ഒരു അധ്യാപകനടക്കം എട്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ഗുരുവായൂര്‍ : ബ്രഹ്മകുളം അപ്പുമാസ്റ്റര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപകനുമടക്കം എട്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ സ്‌കൂളില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. ജില്ല മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്‌കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചു. 165 വിദ്യാര്‍ത്ഥികള്‍ക്കും 10 അധ്യാപകര്‍ക്കുമായി സ്‌കൂളില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇന്ന് എട്ട് പേര്‍ക്ക് പോസറ്റീവായത്.
പ്ലസ്ടു ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലെ 13 വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം 48 പേരെ ആര്‍ടി.പി.സി.ആര്‍ പരിശോധനക്കും വിധേയരാക്കിയിട്ടുണ്ട്. ഇതിന്റെ ഫലം നാളെ അറിയാനാകും. സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ സെന്ററില്‍ നിന്നാണ് രോഗ ബാധയുണ്ടായത്. ഇവരുമായുള്ള സമ്പര്‍ക്കമാണ് സ്‌കൂളില്‍ രോഗവ്യാപനത്തിനിടയാക്കിയത്. രോഗം സ്ഥിരീകരിച്ചവരുടെ വീടുകളിലുള്ളവരും നിരീക്ഷണത്തിലാണ്. രോഗ വ്യാപനത്തെ തുടര്‍ന്ന് ആരോഗ്യ വിഭാഗം മേഖലയില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്