പാലയൂർ മാർതോമ അതിരൂപത തീർത്ഥകേന്ദ്രത്തിലെ തർപ്പണ തിരുനാൾ ഭക്തിസാന്ദ്രമായി
ചാവക്കാട് : പാലയൂർ മാർതോമ അതിരൂപത തീർത്ഥകേന്ദ്രത്തിലെ തർപ്പണ തിരുനാൾ ഭക്തിസാന്ദ്രമായി .തർപ്പണ തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 6.30 ന് നടന്ന ദിവ്യബലി ലദീഞ്ഞ് നൊവേന എന്നിവയ്ക്ക് ഫാ സജി കിഴക്കേക്കര കാർമ്മികനായി. തുടർന്ന് 9.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാന നടന്നു. ആർച്ച് ബിഷപ്പ് എമിറേറ്റ്സ് മാർ ജെയ്ക്കബ്ബ് തൂങ്കുഴി പാട്ടുകുർബ്ബാനയ്ക്ക് മുഖ്യ കാർമ്മികനായി .
ഉച്ചക്ക് രണ്ടിന് തളിയക്കുളം കപ്പേളയിൽ നടന്ന ആഘോഷമായ മാമ്മോദീസയ്ക്കും തിരുകർമ്മങ്ങൾക്കും തുടർന്ന് നടന്ന ദിവ്യബലിയ്ക്കും വികാരി ജനറാൾ മോൺ ജോസ് വല്ലൂരാൻ കാർമ്മികത്വം വഹിച്ചു. ഫാ ദിജോ ഒലക്കേങ്കിൽ, ഫാ ജോൺസൺ ചെമ്മണ്ണൂർ എന്നിവർ സഹകാർമ്മികരായി. വൈകീട്ട് നാലിന് നടന്ന ദിവ്യബലിയ്ക്ക് ഫാ ഫ്രാൻസീസ് മുട്ടത്ത് കാർമ്മികനായി ദിവ്യബലിക്കുശേഷം ജൂതകുന്ന് കപ്പേളയിലേക്ക് നടന്ന തിരുനാൾ പ്രദക്ഷിണത്തിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. പള്ളിയങ്കണത്തിൽ ബാന്റ്‌മേളവും അരങ്ങേറി
തിങ്കളാഴ്ച വൈകീട്ട് 5.15 നുള്ള ദിവ്യബലിക്ക് തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ മരിച്ചവർക്കു വേണ്ടിയുള്ള തിരുകർമ്മങ്ങൾക്ക് പാലയൂർ തീർത്ഥകേന്ദ്രം റെക്ടർ ഫാ വർഗീസ് കരിപ്പേരി കാർമ്മികനാകും .