ബന്ധു നിയമന വിവാദത്തിൽ പുതിയ തെളിവുകൾ പുറത്തു വിട്ട് പി കെ ഫിറോസ്
കോഴിക്കോട്: ബന്ധു നിയമന വിവാദത്തിൽ പുതിയ തെളിവുകളുമായി യൂത്ത് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് രംഗത്ത് . കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദര പുത്രന്‍റെ നിയമനത്തെ എതിര്‍ത്ത് ജെയിംസ് മാത്യു എം എൽ എ മന്ത്രി എ സി മൊയ്തീന് നൽകിയ കത്ത് പി കെ ഫിറോസ് പുറത്തുവിട്ടു.
സി പി എം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായരുടെ സഹോദരന്‍ കോലിയക്കോട് ദാമോദരന്‍നായരുടെ മകന്‍ ഡി എസ് നീലകണ്ഠന്‍റെ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലേക്കുള്ള നിയമനമാണ് ജയിംസ് മാത്യം ചോദ്യം ചെയ്യുന്നത്. ഇന്‍ഫര്‍മേഷന്‍ കേരളമിഷന്‍റെ പുനരുദ്ധാരണ റിപ്പോര്‍ട്ട് അനുസരിച്ചായിരുന്നു നിയമനമെന്ന വാദത്തെ ഡപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്താന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയില്ലായിരുന്നുവെന്ന് ജയിംസ് മാത്യു ചൂണ്ടിക്കാട്ടുന്നു.
പുനരുദ്ധാരണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കും മുന്‍പേ തസ്തികയില്‍ നിയമനം നടത്തുകയും, ഒരു ലക്ഷം രൂപ ശമ്പളവും പത്ത് ശതമാനം ഇന്‍ക്രിമെന്‍റുമടക്കം വന്‍തുക നല്‍കിയെന്നും വ്യക്തമാക്കുന്നു. ഇത്തരത്തില്‍ സര്‍ക്കാരിന്‍റെയും ധനവകുപ്പിന്‍റെയും അംഗീകാരമില്ലാതെ 15 നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നും, ഇത് പുനപരിശോധിക്കണമെന്നുമാവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് ജയിംസ് മാത്യം തദ്ദേശ ഭരണമമന്ത്രി എ സി മൊയ്തീന് കത്ത് നല്‍കിയത്.
ഡി എസ് നീലകണ്ഠനെ ഡപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ നിയമിച്ചത് കോടിയേരിയുടെ ശുപാര്‍ശയിലായിരുന്നുവെന്ന് നേരത്തെ പി കെ ഫിറോസ് ആരോപിച്ചിരുന്നു. ഈ നിയമനം ചൂണ്ടിക്കാട്ടി മന്ത്രി കെ ടി ജലീല്‍ ഭീഷണിപ്പെടുത്തിയതോടെയാണ് ബന്ധുനിയമന വിവാദത്തില്‍ സി പി എം നിലപാട് കടുപ്പിക്കാത്തതെന്നായിരുന്നു പി കെ ഫിറോസിന്‍റെ ആരോപണം.