Post Header (woking) vadesheri

Above Post Pazhidam (working)

കണ്ണൂര്‍: പയ്യന്നൂര്‍ മുന്‍ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ വി കുഞ്ഞികൃഷ്ണനെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.

First Paragraph Jitesh panikar (working)

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജനാണ് നടപടി ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നടപടി 27 ന് പയ്യന്നൂരിലെ പാര്‍ട്ടി അംഗങ്ങളുടെ യോഗം വിളിച്ച് റിപ്പോര്‍ട്ട് ചെയ്യും. പുറത്താക്കലിന് പിന്നാലെ ലോക്കല്‍, ജനറല്‍ ബോഡി യോഗങ്ങള്‍ ചേരാന്‍ തീരുമാനമായിട്ടുണ്ട്. പ്രധാന നേതാക്കള്‍ നേരിട്ട് ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കും.

ഇന്നലെ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ തന്നെ വി കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് നടന്ന ജില്ലാ കമ്മിറ്റിയില്‍ തീരുമാനത്തിന് അംഗീകാരമായത്. വി കുഞ്ഞികൃഷ്ണന്‍ നടത്തിയത് കടുത്ത അച്ചടക്കലംഘനമാണെന്നും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. രണ്ട് പാര്‍ട്ടി കമ്മീഷനുകള്‍ അന്വേഷിച്ചിട്ടും ക്രമക്കേട് കണ്ടെത്തിയില്ല. എന്നിട്ടും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ തുടര്‍ച്ചയായി പ്രസ്താവനകള്‍ നടത്തിയെന്നും സിപിഎം നേതാക്കള്‍ പ്രതികരിച്ചിരുന്നു.

ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ തുറന്ന് പറച്ചില്‍ പാര്‍ട്ടിയെ അപമാനിക്കാന്‍ ആസൂത്രിതമായി ചെയ്തതാണെന്നും നേതാക്കള്‍ ആരോപിച്ചിരുന്നു. കുഞ്ഞികൃഷ്ണനെതിരെ നടപടി വേണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ വി കുഞ്ഞികൃഷ്ണന് അനുകൂലമായും പ്രതികൂലമായും പയ്യന്നൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞിരിക്കുകയാണ്.

വി കുഞ്ഞികൃഷ്ണന്റെ പയ്യന്നൂരിലെ വീടിന് സമീപം സിപിഎം പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചു ആഹ്ലാദ പ്രകടനം നടത്തി. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന വാര്‍ത്ത പ്രചരിച്ചതോടെയാണിത്. എന്നാല്‍ വി കുഞ്ഞികൃഷ്ണനെ വിഎസിനോട് ഉപമിച്ചു മുന്നോട്ട് ഇനിയും മുന്നോട്ടെന്ന മുദ്രാവാക്യവുമായി ഫ്‌ലക്‌സ് ബോര്‍ഡ് വീണ്ടും ഉയര്‍ന്നിട്ടുണ്ട്.