
ഹൈക്കോടതി വിധി ലംഘിച്ച് ക്ഷേത്ര നടയിൽ ജസ്ന സലീമിന്റെ റീൽസ് ചിത്രീകരണം

ഗുരുവായൂർ : ഹൈക്കോടതി ഉത്തരവ് ലംഘിച്ചു ഗുരുവായൂർ ക്ഷേത്രനടയിൽ വീണ്ടും റീൽസ് ചിത്രീകരിച്ച കൊയിലാണ്ടി സ്വദേശി ജസ്ന സലീമിനെതിരെ കേസെടുത്തു. ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് ജസ്നക്കെതിരെ പൊലീസ് കേസെടുത്തത്. ആഗസ്റ്റ് 28നാണ് റീൽസ് ചിത്രീകരിച്ചിരിക്കുന്നത്. സമൂഹമാധ്യമത്തിലെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നവംബർ അഞ്ചിനാണ് പരാതി നൽകിയത്.
പടിഞ്ഞാറെനടയിൽ വെച്ചാണ് റീൽസ് ചിത്രീകരിച്ചത്. ആർ.എൽ ബ്രൈറ്റ് ഇൻ എന്ന വ്ലോഗർക്കെതിരേയും കേസെടുത്തിട്ടുണ്ട്.

ശ്രീകൃഷ്ണ ചിത്രങ്ങൾ വരച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ആളാണ് ജസ്ന. ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയിലെ ഭണ്ഡാരത്തിനു മുകളിലെ ശ്രീകൃഷ്ണ വിഗ്രഹത്തിൽ കടലാസ് മാല അണിയിച്ച് വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ജസ്നക്കെതിരെ ഏപ്രിലിൽ പൊലീസ് കേസെടുത്തിരുന്നു. ക്ഷേത്ര നടയിൽ കേക്ക് മുറിച്ചതും വിവാദമായിരുന്നു .ഇതേ തുടർന്നാണ് നടപ്പുരയിൽ റീൽസ് ചിത്രീകരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്. മതപരമായ ചടങ്ങുകളോ വിവാഹങ്ങളോ ഒഴികെ നടപ്പുരയിൽ വിഡിയോ ചിത്രീകരിക്കരുതെന്നായിരുന്നു നിർദേശം. ഈ വിലക്ക് നിലനിൽക്കുമ്പോഴാണ് വീണ്ടും ചിത്രീകരണം നടത്തിയത്

