
ഹിജാബ് വിവാദം, സ്കൂൾ മാറുകയാണെന്ന് വിദ്യാർത്ഥിനി, ഹർജി തീർപാക്കി ഹൈക്കോടതി.

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളുമായി ബന്ധപ്പെട്ടുള്ള ഹിജാബ് വിവാദത്തിലെ ഹര്‍ജി കേരള ഹൈക്കോടതി അവസാനിപ്പിച്ചു. കുട്ടിയെ സ്കൂള്‍ മാറ്റുമെന്ന് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചു. ആക്ഷേപം ഉയര്‍ന്ന സ്കൂളിനെതിരെ കൂടുതല്‍ നടപടികള്‍ക്കൊന്നുമില്ലെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി തീര്‍പ്പാക്കിയത്.

ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നല്കിയ നോട്ടീസിനെതിരെ സെന്റ് റീത്താസ് സ്കൂള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പ്രശ്നം രമ്യമായി പരിഹരിച്ചുകൂടോയെന്ന് ജസ്റ്റിസ് വിജി അരുണ്‍ ചോദിച്ചു. പരാതി പിന്‍വലിക്കുകയാണെന്നും, സ്കൂള്‍ മാറാന്‍ കുട്ടി ആഗ്രഹിക്കുന്നുവെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
ലാറ്റിന്‍ കാത്തലിക് സമൂഹം അസഹിഷ്ണുക്കളാണെന്ന് പറഞ്ഞിട്ടില്ല. അവര്‍ രാജ്യത്തി നിരവധി വിദ്യാലയങ്ങള്‍ നടത്തുന്നുണ്ട്. നിലവിലെ സാഹചര്യം മനസ്സിലാക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കുട്ടി ആ സ്കൂളില്‍ തുടര്‍ന്നു പഠിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന് വ്യക്തമാക്കി. കുട്ടി മറ്റൊരു സ്കൂളിലേക്ക് മാറാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കേസ് ഇനി മുന്നോട്ടു കൊണ്ടുപോകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.

