
പി പി ദിവ്യക്കെതിരെയുള്ള അഴിമതി ആരോപണം, ഹൈക്കോടതി വിശദീകരണം തേടി.

“കൊച്ചി: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണത്തിൽ ഹൈകോടതി വിശദീകരണം തേടി. ദിവ്യക്കെതിരായ അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു നൽകിയ പരാതി അട്ടിമറിച്ചു എന്നു കാണിച്ച് കെ.എസ്.യു നേതാവ് പി. മുഹമ്മദ് ഷമ്മാസ് നൽകിയ ഹരജിയിലാണ് കോടതി മറുപടി തേടിയത്.

ഉന്നത രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പല പ്രമുഖരെയും സംരക്ഷിക്കാന്‍ അന്വേഷണം അട്ടിമറിക്കുകയാണെന്നും ഫലപ്രദമായ അന്വേഷണം നടത്താന്‍ നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. വിശദമായി വാദംകേള്‍ക്കുന്നതിന് ഹര്‍ജി ഈ മാസം 26ന് വീണ്ടും പരിഗണിക്കും. ഷമ്മാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.”

“കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോള്‍ ദിവ്യ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. ബിനാമി സ്വത്ത് ഇടപാടുകളടക്കം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കിയിരുന്നു എന്ന് ഹർജിയിൽ പറയുന്നു. എന്നാൽ, ഉന്നത ഇടപെടലില്‍ ആറു മാസമായിട്ടും പരാതിക്കാരന്റെ മൊഴി പോലും എടുക്കാതെ അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നാണ് ആരോപണം.”