
പാലക്കാട് കാർ പൊട്ടിതെറിച്ചു പൊള്ളലേറ്റ രണ്ട് കുട്ടികളും മരണ ത്തിന് കീഴടങ്ങി

പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു. പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്ട്ടിന്-എല്‍സി ദമ്പതിമാരുടെ മകള്‍ എമിലീന മരിയ മാര്ട്ടിന് (4), ആല്ഫിന്(6) എന്നിവരാണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. കുട്ടികളുടെ അമ്മ എല്‍സിയുടെ നില ഗുരുതരമായി തുടരുകയാണ്.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. സ്വകാര്യ ആശുപത്രിയില്‍ നഴ്സായ എല്‍സി മക്കളുമായി പുറത്തുപോകാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ തീ പിടിക്കുകയായിരുന്നു. എല്‍സിയുടെ മൂത്തമകള്‍ പത്ത് വയസുകാരി അലീനയ്ക്കും അമ്മ ഡെയ്സിക്കും പൊള്ളലേറ്റിരുന്നു. ഇവര്‍ ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ എല്‍സി ജോലികഴിഞ്ഞ് തിരിച്ചെത്തി വീടിനുമുന്നില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നു. ഒരുമണിക്കൂറിനുശേഷം മക്കള്‍ക്കൊപ്പം പുറത്തുപോകാനായി കാറില്‍ക്കയറി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ തീ പിടിക്കയായിരുന്നു എന്നാണ് വിവരം. തീ ആളിക്കത്തുന്നതുകണ്ട് വീടിനുമുന്നിലെത്തിയ പ്രദേശവാസികള്‍ കണ്ടത് ശരീരമാസകലം പൊള്ളലേറ്റ എല്‍സിയെയാണ്. കുട്ടികളെ എല്‍സിതന്നെയാണ് കാറില്‍ നിന്നും പുറത്തെത്തിച്ചതെന്നും അവര്‍ പറഞ്ഞു

കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എല്‍സിയുടെ അമ്മ ഡെയ്സിക്ക് പൊള്ളലേറ്റത്. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ സമീപത്തെ കിണറില്‍നിന്നും വെള്ളം പമ്പുചെയ്താണ് തീയണച്ചത്.
എല്‍സിയുടെ ഭര്‍ത്താവ് മാര്ട്ടിന് ഒന്നരമാസംമുമ്പാണ് കാന്‍സര്‍ ബാധിതനായി മരിച്ചത്. അട്ടപ്പാടി സ്വദേശികളായ എല്‍സിയും കുടുംബവും അഞ്ചുവര്‍ഷം മുന്‍പാണ് പൊല്‍പ്പുള്ളി പൂളക്കാട്ട് താമസമായത്.