
പതിനഞ്ചുകാരിക്ക് നേരെ ലൈംഗീക പീഡനം 19-കാരന് ജീവപര്യന്തം തടവും പിഴയും

ചാവക്കാട്: പതിനഞ്ചുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19-കാരന്(കേസിനാസ്പദമായ സംഭവം നടക്കുന്ന സമയത്തെ പ്രായം) ജീവിതാവസാനം വരെയുള്ള ജീവപര്യന്തം തടവും 4.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മുല്ലശ്ശേരി ആനത്താഴത്ത് വീട്ടില്‍ അതുലി(19)നെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി അന്യാസ് തയ്യില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്.

മറ്റു വകുപ്പുകളില്‍ വേറെ 15 വര്‍ഷം കഠിനതടവും കൂടി വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷവും നാല് മാസവും കൂടി തടവ് അനുഭവിക്കണം. 2022-ലാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയുടെ വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറി അടുക്കളയില്‍ വച്ചും ടെറസിന്റെ മുകളില്‍ വച്ചും പലതവണ ലൈംഗികമായി പീഢിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്.

പാവറട്ടി പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ. പി.എം. രതീഷ് കേസ് രജിസ്റ്റര്‍ ചെയ്തു. എസ്.ഐ. എം.സി. റെജിക്കുട്ടി, ഇന്‍സ്‌പെക്ടര്‍ എം.കെ. രമേഷ് എന്നിവര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവര്‍ ഹാജരായി.