
ബിഷ്ണോയിയുടെ സംഘത്തെ സഹായിച്ച മുംബയ് സ്വദേശി പിടിയിൽ

തൃശൂർ: അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സംഘത്തെ സഹായിച്ച മുംബയ് പനവേൽഐരോലി സ്വദേശി യാഷ്കുമാർ ജിതേഷ് സിംഗിനെ(20) പിടികൂടി.
മുംബൈയിലെ ജൂതസ്ഥാപനങ്ങളെയും വിദേശ പൗരന്മാരെയും നിരീക്ഷിച്ച് വിവരങ്ങൾ സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ദേശവിരുദ്ധശക്തികൾക്ക് ഇയാൾ കൈമാറിയിരുന്നു. കൊച്ചിയിലെ കടവുഭാഗം സിനഗോഗിൽ കഴിഞ്ഞമാസം 12നുണ്ടായ തീവയ്പുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഈ കേസിലും ചോദ്യം ചെയ്യും.

മഹാരാഷ്ട്ര ആന്റിടെററിസം സ്ക്വാഡിന്റെ നവി മുംബയ് യൂണിറ്റിന്റെ സഹായത്തോടെയാണ് തൃശൂർ സിറ്റി പൊലീസ് നവി മുംബൈയിലെത്തി അറസ്റ്റ് ചെയ്തത്. ദക്ഷിണ മുംബയ് കൊളാബയിലെ ‘ചബാദ് ഹൗസ്’ സിനഗോഗും ജൂതപൗരന്മാരുടെ സ്ഥാപനങ്ങളും ഇയാൾ നിരീക്ഷിച്ചിരുന്നു. ടെലിഗ്രാം അടക്കമുള്ളവയിലൂടെ അന്താരാഷ്ട്ര കുറ്റവാളി സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നു.
വിദേശികളുടെയും ജൂതപൗരന്മാരുടെയും ചിത്രങ്ങൾ പകർത്തുക, വാഹനരജിസ്ട്രേഷൻ നമ്പറുകൾ, സഞ്ചാരരീതികൾ, സ്ഥലവിവരങ്ങൾ എന്നിവ തത്സമയം കൈമാറുക തുടങ്ങിയവയായിരുന്നു ദൗത്യം. ഇതിനായി 25,000രൂപയോളം ലഭിച്ചു.
മുംബൈയിലെ ചലച്ചിത്രതാരങ്ങളുടെ ചിത്രങ്ങൾ പകർത്തിയും നീക്കങ്ങൾ നിരീക്ഷിച്ചും വിവരം കൈമാറിയിരുന്ന ഗുരുമൂർത്തിയെ (27) വ്യാഴാഴ്ച രാത്രി തൃശൂർ സിറ്റി പൊലീസ് പാലക്കാട് ഒറ്റപ്പാലത്തുനിന്ന് പിടികൂടിയിരുന്നു. ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യാഷിനെ അന്വേഷിച്ചത്. വിദേശത്തുള്ലവരുടെ നിർദ്ദേശത്താൽ പ്രവർത്തിച്ചിരുന്ന ഗുരുമൂർത്തി, ‘ സോഷ്യൽ മീഡിയയിലൂടെ യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നു. ഇതുവഴിയാണ് സംഘത്തിലേക്ക് യാഷ് എത്തിയത്. തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ ഒരുകേസുമായി യാഷിന് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നവി മുംബൈ എ.ടി.എസ് കേരള പൊലീസിനെ അറിയിച്ചത്. മുംബയ് സർവകലാശാലയിൽനിന്ന് ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റിയൂട്ട് കോഴ്സ് ഇയാൾ പാസായിട്ടുണ്ട്. ഡി.ഐ.ജി ടി.നാരായണൻ്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി. ടി.ആർ.രാജേഷ് * ഉൾപ്പെട്ട സംഘമാണ് പിടികൂടിയത്.

. ബിഷ്ണോയ് സംഘത്തിനു വേണ്ടി മുംബയിലെ വിവിധ സ്ഥലങ്ങളുടെ ചിത്രങ്ങൾ ഗുരുമൂർ ത്തി പകർത്തി നൽകിയെന്നും ഇതിനു പ്രതിഫലം പറ്റിയെന്നുമാണ് പൊലീസ് കണ്ടെത്തൽ. ബോളിവുഡ് നടന്മാരുൾപ്പെടെയുള്ലവരുടെ സന്ദർശനസ്ഥലങ്ങളാണ് ചിത്രങ്ങളിലേറെയും. കൂടാതെ യു.എസ് ഡോളറിൽ കൈപ്പറ്റിയ പ്രതിഫലം ഉറ്റബന്ധുവിൻ്റെ അക്കൗണ്ടിലൂടെ ഇന്ത്യൻ രൂപയാക്കിയതായും കണ്ടെത്തി. എന്നാൽ, ഇയാൾ ഏതെങ്കിലും കുറ്റകൃത്യവുമായി നേരിട്ട് ബ ന്ധപ്പെട്ടതായി കണ്ടെത്താനായിട്ടില്ല. ഗുരുമൂർത്തിയുടെ പങ്കാളിയെയും ചോദ്യംചെയ്തുവരികയാ ണ്. കേസ് എൻ.ഐ.എ ഏറ്റെടുത്തേക്കുമെന്നാണ് വിവരം.
