
ഗുരുവായൂർ നാഗസ്വര-തവിൽ സംഗീതോത്സവം ജനുവരി ഒന്നിന്

ഗുരുവായൂർ : ദേവസ്വം നാഗസ്വര- തവിൽ സംഗീതോത്സവം 2026 ജനുവരി ഒന്ന് ബുധനാഴ്ച നടത്തും. രാവിലെ 5.30ന് ക്ഷേത്രത്തിൽ നിന്ന് നാഗസ്വരഅകമ്പടിയോടെ ഭദ്രദീപം എഴുന്നള്ളിച്ച് തെക്കേ നടയിലെ
ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിലെത്തിച്ച് നിലവിളക്ക് തെളിയിക്കുന്നതോടെ സംഗീതോത്സവത്തിന് തുടക്കമാകും.

ആദ്യം നാഗസ്വര- തവിൽ വിദ്വാൻമാരുടെ മംഗളവാദ്യ സമർപ്പണം. ശ്രീഗുരുവായൂരപ്പന് മുന്നിൽ നാഗസ്വര- തവിൽ നാദാർച്ചന നടത്താൻ നിരവധി കലാകാരൻമാർ എത്തിച്ചേരും.രാവിലെ 11 മണിക്ക് നാഗസ്വര പഞ്ചരത്നം, തനിയാവർത്തനം അരങ്ങേറും. ഉച്ചയ്ക്ക് 12ന് സമാദരണ സദസ്സിൻ്റെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സൺ മട്ടന്നൂർ ശങ്കരൻകുട്ടി നിർവ്വഹിക്കും.
ചടങ്ങിൽ പ്രശസ്ത നാഗസ്വരം വിദ്വാനായിരുന്ന ഗുരുവായൂർ കുട്ടികൃഷ്ണൻ നായർ സ്മാരക പുരസ്കാരം നാഗസ്വരവിദ്വാൻ .വെട്ടിക്കവല ശശികുമാർ , മുത്തരശനല്ലൂർ ആർ.രാമചന്ദ്രൻ സ്മാരക പുരസ്കാരം തവിൽ വിദ്വാൻ ഓച്ചിറ ഭാസ്ക്കരനും അദ്ദേഹം സമ്മാനിക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനാകും.
നാഗസ്വര വിദ്വാൻ ഗുരുവായൂർ മുരളി ആമുഖഭാഷണം നടത്തും.

നാഗസ്വര വിദ്വാൻ ആറൻമുള ശ്രീകുമാർ ,വൈക്കം ക്ഷേത്ര കലാപീഠം പ്രിൻസിപ്പാൾ എസ്.പി.ശ്രീകുമാർ എന്നിവർ പുരസ്കാര സ്വീകർത്താക്കളെ പരിചയപ്പെടുത്തും. ചടങ്ങിൽ നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ വിശിഷ്ടാതിഥിയാകും. കലാനിരൂപകൻ വി.കലാധരൻ മുഖ്യപ്രഭാഷണം നടത്തും.
മുത്തരശനല്ലൂർ ആർ.ശിവകുമാർ ഗുരുദക്ഷിണ സമർപ്പിക്കും. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,.പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, മനോജ് ബി നായർ, കെ.എസ് ബാലഗോപാൽ ,അജിത് പേരകം എന്നിവർ സംസാരിക്കും . ദേവസ്വം ഭരണസമിതി അംഗം കെ.പി.വിശ്വനാഥൻ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ നന്ദിയും രേഖപ്പെടുത്തും.

