ചെമ്പൈ സംഗീതോത്സവം 26ന് മന്ത്രി ആർ ബിന്ദു ഉത്ഘാടനം ചെയ്യും
ഗുരുവായൂർ: വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോൽസവം നവംബർ 26 ന് തിരശീല ഉയരും. ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് മേല് പുത്തൂർ ആഡിറ്റോറിയത്തിലെ ചെമ്പൈ സംഗീത മണ്ഡപത്തിൽ മന്ത്രി ഡോ.ആർ.ബിന്ദു നിർവ്വഹിക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ അധ്യക്ഷനാകും. ചടങ്ങിൽ വെച്ച് ഈ വർഷത്തെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം വയലിൻ വിദൂഷി സംഗീത കലാനിധി കുമാരി എ കന്യാകുമാരിക്ക് സമർപ്പിക്കും. സംസ്ഥാന സർക്കാരിൻ്റെ മികച്ച പിന്നണി ഗായകനുള്ള അവാർഡ് ലഭിച്ച ചെമ്പൈ സംഗീതോത്സവ സബ് കമ്മറ്റി അംഗം കൂടിയ .പി.എസ്.വിദ്യാധരൻ മാസ്റ്ററെ ചടങ്ങിൽ മന്ത്രി ആദരിക്കും. എൻ.കെ.അക്ബർ എം എൽ എ നഗരസഭ ചെയർമാൻ .എം.കൃഷ്ണദാസ് മുഖ്യാതിഥിയായും പങ്കെടുക്കും. വാർഡ് കൗൺസിലർ .ശോഭ ഹരി നാരായണൻ ദേവസ്വം ഭരണ സമിതി അംഗങ്ങൾ ആയ കെ പി വിശ്വ നാഥൻ സി മനോജ്, വി ജി രവീന്ദ്രൻ എന്നിവർ സംസാരിക്കും
ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.സി.മാനവേദൻ രാജ, പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, മനോജ് ബി നായർ, ചെമ്പൈ സബ്ബ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, എൻ. ഹരി, ചെമ്പൈ സുരേഷ്, ഡോ. കെ.മണികണ്ഠൻ, ആനയടി പ്രസാദ് എന്നിവർ സന്നിഹിതരാകും. അഡ്മിനിസ്ടേറ്റർ കെ.പി.വിനയൻ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തു
തുടർന്ന് ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാര സ്വീകർത്താവായ എ കന്യാകുമാരിയുടെ കച്ചേരി അരങ്ങേറും
ഇത്തവണ ചെമ്പൈ സംഗീതോൽസവത്തിൽ പങ്കെടുക്കാൻ 4000 ത്തോളം പേർ അപേക്ഷിച്ചു. ഇവരിൽ യോഗ്യരായ മൂവായിരത്തോളം പേർക്ക് സംഗീതാർച്ചന നടത്താനാകും. യോഗ്യരായവർക്ക്
ക്ഷണക്കത്ത് വെബ് സൈറ്റിലൂടെ ഡൗൺലോഡ് ചെയ്യാൻ സൗകര്യമൊരുക്കി.
നവംബർ 27 ബുധനാഴ്ച രാവിലെ ഏഴു മണിയോടെ ശ്രീലകത്തു നിന്ന് പകർന്നെത്തിക്കുന്ന ഭദ്രദീപം ക്ഷേത്രം തന്ത്രി . പി.സി. ദിനേശൻ നമ്പൂതിരിപ്പാട് സംഗീത മണ്ഡപത്തിൽ തെളിയിക്കും. തുടർന്ന് ക്ഷേത്രം നാദസ്വരം -ത വിൽ അടിയന്തിര വിഭാഗത്തിൻ്റെ മംഗളവാദ്യത്തോടെ ഏകാദശി ദിവസം വരെ നീളുന്ന സംഗീതോൽസവത്തിന് തുടക്കമാകും. തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞർക്കൊപ്പം മൂവായിരത്തോളം സംഗീതോപാസകരും സംഗീതോൽസവത്തിൽ പങ്കെടുക്കും.
ദശമി ദിനത്തിൽ ചെമ്പൈ സംഗീത മണ്ഡപത്തിൽ രാവിലെ 9 മണിക്ക് ഘനരാഗ പഞ്ചരത്ന കീർത്തനാലാപനം അരങ്ങേറും. ഏകാദശി നാദോപാസനയുടെ ഭാഗമായി ചെമ്പൈ സ്വാമികൾ തൻ്റെ ശിഷ്യരോടൊപ്പം നടത്തിവന്ന പഞ്ചരത്ന കീർത്തനാലാപനത്തിൻ്റെ തുടർച്ചയാണ് ദശമി നാളിലെ സംഗീതാർച്ചന
ചൈമ്പൈ സംഗീതോൽസവം ശ്രീ ഗുരുവായൂരപ്പ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നത് ഏകാദശി ദിവസം രാത്രി ,ചെമ്പൈ സ്വാമികൾക്ക് പ്രിയപ്പെട്ട 5 കൃതികളുടെ ആലാപനത്തോടെയാണ്.തുടർന്ന് ചെമ്പൈ സംഗീതോത്സവ അണിയറ പ്രവർത്തർക്കുള്ള ഉപഹാര സമർപ്പണം നടക്കും..ചെമ്പൈ സംഗീതോൽസവം പൂർണമായും ദേവസ്വം യു ട്യൂബ് ചാനൽ വഴി തൽസമയംസംപ്രേഷണം ചെയ്യും. ആകാശവാണിയും ദൂരദർശനും പരിപാടി സംപ്രേഷണം ചെയ്യുന്നുണ്ട്.