
അഷ്ടമിരോഹിണി, സഹോദര സംഗമം ഭക്തി സാന്ദ്രമായി

ഗുരുവായൂര്‍ : അഷ്ടമി രോഹിണി ദിനത്തിൽ ക്ഷേത്ര നടയിൽ നടന്ന സഹോദര സംഗമം ഭക്തി സാന്ദ്രമായി ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെത്തിയ ബലരാമദേവനെ നിറപറയും, നിലവിളക്കും വെച്ച് സ്വീകരിച്ചു. പഞ്ചസാര , നെല്ല് , അരി ,മലർ , അവിൽ എന്നീ ദ്രവ്യങ്ങൾ ചൊരിഞ്ഞാണ് നിറ പറ വെച്ചത് തുടര്‍ന്ന് പ്രതീകാത്മകമായി ശ്രീകൃഷ്ണ-ബലരാമ സംഗമം നടന്നു.

ദേവസ്വം കീഴേടമായ മെന്മിനി ബലരാമക്ഷേത്രത്തില്‍ പൂജകള്‍ക്ക് ശേഷം രാവിലെ ഒമ്പത് മണിയോടെ ഘോഷയാത്ര ഗുരുവായൂര്‍ ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു. സഹോദരനായ ഭഗവാന്‍ ശ്രീകൃഷ്ണന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ മൂന്നാനകളോടേയാണ് ശ്രീബലരാമ ദേവന്‍ ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടത്. രാജശേഖരന്‍, രവീകൃഷ്ണന്‍ വിനായകന്‍ എന്നീ കൊമ്പന്മാരുടെ അകമ്പടിയില്‍ പൂത്താലമേന്തിയ വനിതകളോടും, ബലരാമ വേഷധാരികളായ ബാലന്മാരോടും, ഗോപികമാരോടും നൃത്തവാദ്യ ഘോഷത്തോടെ ഭക്തജനാവലിയോടൊപ്പമാണ് ബലരാമദേവ എഴുന്നെള്ളിപ്പ് ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെത്തിയത്.
ദേവ സഹോദര സംഗമത്തിനുശേഷം, ബലരാമദേവന്‍ തിരിച്ച് നെന്മിനിയിലേയ്ക്ക് മടങ്ങി. ബലരാമ ക്ഷേത്രത്തില്‍ ക്ഷേത്ര ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ വിഭവ സമൃദ്ധമായ പിറന്നാള്‍ സദ്യയും, മധുര പലഹാര വിതരണവും നടന്നു.
