ഉത്സവം 2021ന് ഗുരുവായൂർ നഗര സഭയിൽ തുടക്കമായി
ഗുരുവായൂർ : കോവിഡ് വിതച്ച ഭീതികളിൽ ഏറ്റവുമധികം തളർന്ന് പോയ വിഭാഗം കലാകാരന്മാരാണെന്നും അവരെ കൈ പിടിച്ചുയർത്താൻ ഉത്സവം 2021ന് സാധിക്കുമെന്നും കെ വി അബ്ദുൾ ഖാദർ എംഎൽഎ. കേരള വിനോദ സഞ്ചാര വകുപ്പിന്റെ ഉത്സവം 2021 ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ തനത് നാടൻ കലാരൂപങ്ങൾ, ശാസ്ത്രീയ നൃത്തങ്ങൾ, സംഗീതം, ക്ഷേത്രകലകൾ, അനുഷ്ഠാനകലകൾ എന്നിവയ്ക്കും പരമ്പരാഗത കലാകാരന്മാർക്കും പ്രോത്സാഹനം നൽകുന്നതിനായുള്ള സംസ്ഥാന സർക്കാറിന്റെ ബൃഹത്തായ പദ്ധതിയാണ് ഉത്സവം 2021.
14 ജില്ലകളിലും രണ്ട് വേദികളിലായി ഒരേ സമയം നടക്കുന്ന ഉത്സവം പരിപാടിയുടെ തൃശൂരിലെ സ്ഥിരം വേദിയാണ് ഗുരുവായൂർ. ഫെബ്രുവരി 20 മുതൽ 26 വരെ ഗുരുവായൂർ ഇഎംഎസ് സ്ക്വയറിലാണ് ഉത്സവം 2021 നടക്കുന്നത്. വൈകിട്ട് 6 മുതൽ 9 വരെയാണ് കലാരൂപങ്ങളുടെ അവതരണം.
ഏഴുദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ചവിട്ടുനാടകം, കോൽക്കളി, പൂരക്കളി, പുള്ളുവൻ പാട്ട്, വേലകളി, പടയണി, ഓട്ടൻതുള്ളൽ, തായമ്പക, തെയ്യം, തോറ്റംപാട്ട് തുടങ്ങി നിരവധി കലാരൂപങ്ങളാണ് അരങ്ങേറുന്നത്.
ഇന്ന് ശനിയാഴ്ച ചിമ്മാനക്കളി, പടയണി എന്നീ കലകളാണ് നടന്നത്. ചിമ്മാനക്കളിയുടെ ആശാനായ കെ കുമാരൻ, പടയണിയുടെ ആശാൻ ടി ആർ വിഷ്ണു എന്നിവരെ എംഎൽഎ പൊന്നാടയണിയിച്ച് ആദരിച്ചു.
നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ പി രാധാകൃഷ്ണപിള്ള, നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ എം ഷെഫീർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷൈലജ സുധൻ, കൗണ്സിലർ ദേവിക, മുഹാസ്, ഡിറ്റിപിസി പ്രോഗ്രാം ഇൻചാർജ് രഞ്ജിനി അനിലൻ എന്നിവർ പങ്കെടുത്തു.