തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ലീഗ് നിർജീവം; യു.ഡി.എഫിൽ പരാതിയുമായി കോൺഗ്രസ്
ഗുരുവായൂർ: ലോകസഭ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ മുസ്ലിം ലീഗ് നിർജീവമായത് യു.ഡി.എഫിനകത്ത് ചർച്ചയാകുന്നു. പഴയ ഗുരുവായൂർ നഗരസഭ പരിധിയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ലീഗിന്റെ പ്രമുഖ നേതാക്കൾ വിട്ടുനിന്ന് എൽ.ഡി.എഫിനെ സഹായിക്കുകയായിരുന്നു എന്ന പരാതിയാണ് യു.ഡി.എഫിൽ ചർച്ചയായിരിക്കുന്നത്.
മുസ്ലിം ലീഗും, യൂത്ത് ലീഗും നിർജീവമായി എൽ.ഡി.എഫിനെ സഹായിക്കുന്ന നിലപാടാണ് പല ബൂത്തിലും സ്വീകരിച്ചതെന്ന് മണ്ഡലം യു.ഡി.എഫ് കമ്മറ്റിയിൽ കോൺഗ്രസ് പരാതിപ്പെട്ടിട്ടുണ്ട്. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രധാന ഭാരവാഹിയും ജില്ലാ കമ്മറ്റി സഹ ഭാരവാഹിയുമായ ആൾ ഇയാളുടെ ബൂത്തിൽ ഒരു പ്രവർത്തനത്തിനും ഇറങ്ങിയിട്ടില്ലെന്ന് പരാതിയുണ്ട്. 109-ാം ബൂത്ത് കമ്മറ്റി ഭാരവാഹികളാണ് ഇത് സംബന്ധിച്ച് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിക്ക് രേഖാമൂലം പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ 12-ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലീഗ് വോട്ടുകൾ മറിച്ചു നൽകിയെന്നാരോപണമുണ്ടായിരുന്നു. മുൻകാലങ്ങളിലും ലീഗ് ഇവിടെ സി.പി.എമ്മിന് വോട്ടുകൾ
മറിച്ചതായി ആരോപണമുണ്ട്. 109-ാം ബൂത്തിൽ പെടുന്നതാണ് 12-ാം വാർഡിന്റെ ഭാഗങ്ങൾ. ലീഗ് നേതാവിന്റെ അടുത്ത ബന്ധുക്കൾ എൽ.ഡി.എഫ് സ്ഥാനാർഥികളായി മത്സരിച്ചപ്പോഴെല്ലാം ഈ വാർഡിൽ ലീഗ് വോട്ടുകൾ എൽ.ഡി.എഫിനനുകൂലമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിലും, നിയമസഭാ തെരഞ്ഞെടുപ്പിലും പ്രചാരണ രംഗത്ത് യൂത്ത് ലീഗ് പ്രവർത്തകർ സജീവമായി ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ യൂത്ത് ലീഗ് പ്രവർത്തകർ ഒരു പ്രവർത്തനത്തിലും പങ്കാളികളായില്ല. ലീഗ് ഗ്രൂപ്പിസത്തിൽ ഗുരുവായൂരിലെ ലീഗും യൂത്ത് ലീഗും വ്യത്യസ്ത ചേരികളിലാണെങ്കിലും ലോകസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഈ രണ്ടു ഘടകങ്ങളും നിർജീവമായത് കൃത്യമായ കൂടിയാലോചനയുടെ ഭാഗമായിരുന്നത്രെ. തെരഞ്ഞെടുപ്പ് ഫലം പുറത്തതു വന്ന ശേഷം യു.ഡി.എഫ് ലീഗ് വിഷയം ചർച്ച ചെയ്യുമെന്നറിയുന്നു.