ഗുരുവായൂർ ബ്രഹ്മകുളം വി ആർ എ എം എച് എസ് സ്‌കൂളിൽ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഗുരുവായൂര്‍: ബ്രഹ്‌മകുളം അപ്പുമാസ്റ്റര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപകനുമടക്കം നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ 99 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 18 അധ്യാപകരേയും 81 വിദ്യാര്‍ത്ഥികളേയുമാണ് പരിശോധനക്ക് വിധേയമാക്കിയത്.
സ്‌കൂളില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. നഗരസഭ അഞ്ചാം വാര്‍ഡില്‍ ട്യൂഷന്‍സെന്ററില്‍ നിന്നാണ് ഇവര്‍ക്ക് രോഗബാധയുണ്ടായത്. ഇതേ തുടര്‍ന്നാണ് സ്‌കൂളില്‍ പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചവര്‍ പത്താം തരത്തിലുള്ളവരാണ്. രോഗം ബാധിച്ചവരുമായി അടുത്തിടപഴകിയ 14 വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
ഇവര്‍ക്കും ഹയര്‍സെക്കണ്ടറി വിഭാഗത്തിലുള്ളവര്‍ക്കും നാളെ പരിശോധന നടത്തും. 140 പേര്‍ക്ക് സ്‌കൂളില്‍ ആന്റിജന്‍ പരിശോധനയും അമ്പത് പേര്‍ക്ക് ആര്‍ടി.പി.സി.ആര്‍ പരിശോധനയുമാണ് നടത്തുക. രോഗവ്യാപനത്തെ തുടര്‍ന്ന് സ്‌കൂളിലെ അധ്യയനം താത്കാലികമായി നിറുത്തി വച്ചിരിക്കുകയാണ്.