നാരായണാലയത്തിൽ നാരായണ നാമ സപ്താഹം
ഗുരുവായൂർ : തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരിയുടെ അനുസ്മരണത്തിനായി സംഘടിപ്പിക്കുന്ന നാരായണ നാമ സപ്താഹവും പൂന്താനം ഉണ്ണികൃഷ്ണന് ലക്ഷാർച്ചനയും തിങ്കളാഴ്ച ആരംഭിക്കുമെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നാമസപ്താഹ യജ്ഞം ഗുരുവായൂർ ക്ഷേത്രം ആധ്യാത്മിക ഹാളിലും ലക്ഷാർച്ചന നാരായണാലയത്തിലുമാണ് നടക്കുക. പുലർച്ച അഞ്ച് മുതൽ രാത്രി ഏഴ് വരെയാണ് നാമജപം. ഏപ്രിൽ ഏഴിന് അഖണ്ഡ നാമജപത്തോടെ സമാപിക്കും. എല്ലാ ദിവസവും രാവിലെ 10നും വൈകീട്ട് 6.30നും പ്രഭാഷണങ്ങളുണ്ട്. നാരായണാലയത്തിൽ രാവിലെയും വൈകീട്ടും ഓരോ മണിക്കൂറാണ് ലക്ഷാർച്ചന. ഏപ്രിൽ അഞ്ചിന് സമാപിക്കും. സ്വാമി സന്മയാനന്ദ സരസ്വതി, ആഞ്ഞം മധുസൂദനൻ നമ്പൂതിരി, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, എ. വേണുഗോപാലൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.