ഓഗസ്റ്റ് ഒന്ന് മുതൽ ദീർഘദൂരസർവീസുകൾ തുടങ്ങാനുള്ള തീരുമാനം കെഎസ്ആർടിസി പിൻവലിച്ചു

ksrtc long service

തിരുവനന്തപുരം: ഓഗസ്റ്റ് ഒന്ന് മുതൽ ദീർഘദൂരസർവീസുകൾ തുടങ്ങാനുള്ള തീരുമാനം കെഎസ്ആർടിസി പിൻവലിച്ചു. കണ്ടെയ്ൻമെന്‍റ് സോണുകൾ കൂടിയ സാഹചര്യത്തിലാണ് തീരുമാനം. അതേസമയം, രോഗികളുടെ എണ്ണം കൂടിയാൽ ജില്ലകൾക്കുള്ളിലുള്ള സർവീസുകളും നിർത്തേണ്ടി വരുമെന്ന സൂചനയും തീരുമാനം വിശദീകരിക്കവേ ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ നൽകി. കൊവിഡ് അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ബസ് സർവീസ് നടത്തുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ നടത്തിയിരുന്നു. ഇപ്പോൾ ദീർഘദൂരസർവീസുകൾ തുടങ്ങുന്നത് ഗുണകരമാകില്ലെന്നതായിരുന്നു ആരോഗ്യവകുപ്പിന്‍റെ നിലപാട്.

ആരോഗ്യ വകുപ്പ് നൽകിയ ഈ മുന്നറിയിപ്പിനെ തുടർന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രം സംസ്ഥാനത്തിനകത്തുള്ള ദീർഘ ദൂര സർവ്വീസുകൾ ആരംഭിച്ചാൽ മതി എന്നാണ് ഗതാഗതവകുപ്പ് തീരുമാനിച്ചത്.

സമ്പർക്ക രോഗികളുടെയും ഹോട്ട്സ്പോട്ടുകളുടെയും എണ്ണം കൂടുന്നത് ബസ്സ് സർവ്വീസ് തുടങ്ങുന്നതിന് തടസ്സമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. ”ആളുകൾ വീടുകളിൽ തന്നെ കഴിയേണ്ടതുണ്ട്. പല ജില്ലകളിലും പലയിടങ്ങളും ഹോട്ട് സ്പോട്ടാണ്. കണ്ടെയ്ൻമെന്‍റ് സോണിൽ ബസ് നിർത്താനാവില്ല. ഈ സാഹചര്യത്തിൽ സർവ്വീസ് നടത്തിയിട്ട് കാര്യമില്ല. മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ കെഎസ്ആർടിസി ദീർഘ ദൂര സർവ്വീസുകളുണ്ടാകില്ല. പ്രയാസമുണ്ടാകുന്നവർ സാഹചര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കണം”, മന്ത്രി പറഞ്ഞു.

ജില്ലകൾക്കുള്ളിലുള്ള ഗതാഗതം സംബന്ധിച്ച് കടുത്ത നിയന്ത്രണങ്ങൾ വേണ്ടി വരുമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ജില്ലകൾക്കുള്ളിലെ സർവ്വീസും നിർത്തേണ്ടി വരുമെന്ന് ഗതാഗത മന്ത്രി സൂചന നൽകുന്നു.

ഓഗസ്റ്റ് 1 മുതൽ 206 ദീർഘദൂരസർവീസുകൾ തുടങ്ങുമെന്നായിരുന്നു നേരത്തേ മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചത്. സംസ്ഥാനത്തെ ഏറ്റവും നീണ്ട ദീർഘദൂരസർവീസുകൾ തുടങ്ങുന്ന തിരുവനന്തപുരത്തെ തമ്പാനൂർ ബസ് സ്റ്റാൻഡിൽ നിന്ന് ബസ് സർവീസ് ഉണ്ടാകില്ലെന്നും പകരം ആനയറയിൽ നിന്ന് സർവീസുകൾ തുടങ്ങാമെന്നുമായിരുന്നു തീരുമാനം. ആനയറയിൽ നിന്ന് കണിയാപുരത്ത് എത്തി അവിടെ നിന്ന് ബൈപ്പാസിലേക്ക് കയറി സർവീസ് തുടരുമെന്നായിരുന്നു മന്ത്രി ആദ്യം വ്യക്തമാക്കിയത്. കണിയാപുരത്തോ ആനയറയിലോ എത്തേണ്ടവർക്ക് ലിങ്കേജ് ബസ് സർവീസുകളും നടത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു. അതേസമയം, കണ്ടെയ്ൻമെന്‍റ് സോണുകളിൽ സർവീസുണ്ടാകില്ലെന്നും സർക്കാർ അറിയിച്ചിരുന്നു. കണ്ടെയ്ൻമെന്‍റ് സോണുകളായ പ്രദേശങ്ങളിൽ ബസ് നിർത്തുകയോ ആളെ കയറ്റുകയോ ഇറക്കുകയോ ചെയ്യില്ല.

1800 ദീർഘദൂരസർവീസുകളാണ് നേരത്തേ കെഎസ്ആർടിസി നടത്തിയിരുന്നത്. ഇത് നിർത്തിയതോടെ കെഎസ്ആർടിസി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. സമാനമായ പ്രതിസന്ധി സ്വകാര്യ ബസ് സർവീസുകളും സംസ്ഥാനത്ത് നേരിടുന്നുണ്ട്. കൊവിഡ് കാലത്തെ മുഴുവൻ നികുതിയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യബസുകൾ നാളെ മുതൽ സർവീസ് നിർത്തിവയ്ക്കുകയാണ്. എന്നാൽ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി നൽകാമെന്നാണ് സർക്കാർ നിലപാട്.

hs mehnthi

Leave a Reply

Your email address will not be published. Required fields are marked *

5 × three =

Sponsors