കെ.കെ. മഹേശന്റെ ആത്മഹത്യ, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷിക്കണം : ഗോകുലം ഗോപാലന്‍

gokulam gopalan

കോഴിക്കോട് : കെ.കെ. മഹേശന്റെ ആത്മഹത്യ ഐ.ജി.യുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷിക്കണം എന്നാവശ്യപ്പെട്ടു ഗോകുലം ഗോപാലന്‍, മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. നിവേദനത്തിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ. കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി, മൈക്രോഫിനാന്‍സ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍, ബി.ഡി.ജെ.എസ്. സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന കെ.കെ. മഹേശന്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത അത്യന്തം ഗൗരവമുള്ളതാണ്. 1903 ല്‍ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങള്‍ തുടങ്ങിയ എസ്.എന്‍.ഡി.പി. യോഗം എക്കാലത്തും നവോത്ഥാന പ്രസ്ഥാനങ്ങളുടെ മുന്‍ നിരയില്‍ മാത്രം സ്ഥാനം പിടിച്ച മഹത് പ്രസ്ഥാനമാണ്. അങ്ങനെയുള്ള ഒരു സംഘടനയുടെ ഏറ്റവും ശക്തമായ ഒരു യൂണിയന്റെ സെക്രട്ടറി, യൂണിയന്‍ ഓഫീസില്‍ താന്‍ ഉപയോഗിക്കുന്ന മുറിയില്‍ പോലീസിനും, എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിക്കും, സ്വന്തം വീട്ടില്‍ ഭാര്യയ്ക്കും വിശദമായ കത്തെഴുതി വയ്ക്കുകയും, സമൂഹമാദ്ധ്യമങ്ങളില്‍ അത് പ്രചരിപ്പിച്ച ശേഷം ആത്മഹത്യ ചെയ്യുമ്ബോള്‍ അത് യോഗചരിത്രത്തില്‍ ആദ്യ സംഭവമാണ്. താന്‍ എഴുതിയ കത്ത് ഏതെങ്കിലും കാരണവശാല്‍ നശിപ്പിക്കുവാന്‍ ഇടയാക്കിയാല്‍ ബന്ധപ്പെട്ട അധികാരികളും, പൊതു സമൂഹവും സത്യാവസ്ഥ അറിയണം. അതിനുവേണ്ടിയാണല്ലോ കത്ത് സമൂഹ മാദ്ധ്യമങ്ങളില്‍ മഹേശന്‍ പ്രചരിപ്പിച്ചത്. കത്തില്‍ യോഗ നേതൃത്വത്തിന്റെയും സഹായികളുടെയും പേരുകള്‍ എടുത്തു പറയുമ്ബോള്‍ അത്തരം കാര്യങ്ങള്‍ അന്വേഷിക്കാതിരിക്കരുത്. അന്വേഷണം ഏറ്റവും സുതാര്യവും സത്യസന്ധവുമായിരിക്കണം. കേരളാ പോലിസില്‍ എക്കാലവും നല്ല സര്‍വ്വീസ് റെക്കോര്‍ഡ് ഉള്ള ശ്രീമതി. ഹര്‍ഷിത അട്ടല്ലൂരി, ശ്രീ. എച്ച്‌. വെങ്കിടേഷ് തുടങ്ങിയ സത്യസന്ധരായ ഐ.ജി. മാരില്‍ ആരെയെങ്കിലും തലവനായി ഒരു സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ വച്ച്‌ സമഗ്രമായ ഒരു അന്വേഷണത്തിന് അങ്ങ് ഉത്തരവിടണം. മരണത്തിനിടയാക്കിയ സാഹചര്യം, എസ്.എന്‍.ഡി.പി. യോഗത്തിലും എസ്.എന്‍. ട്രസ്റ്റിലും കഴിഞ്ഞ 25 വര്‍ഷമായി നടന്നുവരുന്ന സാമ്ബത്തിക തിരിമറി, വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ എഫ്.ഐ.ആര്‍. ഇട്ടശേഷം അന്വേഷണം മരവിച്ചിരിക്കുന്ന മറ്റു കേസുകള്‍, മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസുകള്‍ ഒഴികെ യോഗവും, ട്രസ്റ്റുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിലും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും കിട്ടിയിരിക്കുന്ന പരാതികള്‍ ഇവയെല്ലാം ഈ സ്‌പെഷ്യല്‍ ടീമിന് കൈമാറി അന്വേഷണം ശക്തമാക്കണം. കുറ്റക്കാര്‍ ആരാണെങ്കിലും അവര്‍ ശിക്ഷിക്കപ്പെടണം. നിരാലംബരും സാധാരണക്കാരും എക്കാലത്തും നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ വലിയ വിശ്വാസമുള്ളവരാണ്. ഭരണത്തിന്റെ തലവന്‍ എന്ന നിലയില്‍ അങ്ങ് എന്റെ വിശ്വാസം പരിഗണിക്കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഒരു കോടിയില്‍പരം വരുന്ന സമുദായ അംഗങ്ങള്‍ക്കുവേണ്ടിയും, നീതിന്യായവ്യവസ്ഥയില്‍ വിശ്വസിക്കുന്ന ഈ നാട്ടിലെ ഓരോ പൗരന്മാര്‍ക്കു വേണ്ടിയും വിശ്വഗുരു ശ്രീനാരായണ ഗുരുദേവനു വേണ്ടിയും യൂണിയന്‍ ഓഫീസില്‍ നടന്ന, യോഗ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി മാറിയ കെ.കെ. മഹേശന്റെ ആത്മഹത്യ അന്വേഷിക്കുവാന്‍ അങ്ങയില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച്‌ ഉത്തരവിടുവാന്‍ ഞാന്‍ വിനീത പുരസരം അപേക്ഷിക്കുന്നു.

hs mehnthi

Leave a Reply

Your email address will not be published. Required fields are marked *

2 + 13 =

Sponsors