ആപ്പ് നിരോധനത്തിന് പിന്നാലെ കളര്‍ ടിവി ഇറക്കുമതിക്ക് നിയന്ത്രണം

colour tv import ban

ന്യൂഡല്‍ഹി | ചൈനീസ് ആപ്പുകള്‍ക്ക് കൂട്ടനിരോധനം ഏര്‍പെടുത്തിയതിന് പിന്നാലെ ചൈനക്ക് കനത്ത തിരിച്ചടി നല്‍കുന്ന പുതിയ നീക്കവുമായി ഇന്ത്യ. ചൈന ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ള കളര്‍ ടിവികളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പെടുത്താന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് തീരുമാനിച്ചു. നേരത്തെ സൗജന്യമായി ഇറക്കുമതി ചെയ്യാവുന്ന വസ്തുക്കളുടെ പട്ടികയിലായിരുന്നു കളര്‍ ടിവി ഉള്‍പ്പെട്ടിരുന്നത്. ഇപ്പോള്‍ ഇതിനെ നിയന്ത്രിത ഇറക്കുമതി വിഭാഗത്തിലേക്ക് മാറ്റി. ഇതോടെ ചൈനയില്‍ നിന്ന് കളര്‍ ടിവി ഇറക്കുമതി ചെയ്യാന്‍ ഇനി ലൈസന്‍സ് വേണ്ടിവരും. മെയ്ക് ഇന്‍ ഇന്ത്യ സംരംഭത്തിന് ശക്തിപകരാനാണ് തീരുമാനമെന്നാണ് വിശദീകരണം.

ഇന്ത്യയില്‍ 15,000 കോടി രൂപയുടേതാണു ടിവി വ്യവസായം. ഇതില്‍ 36 ശതമാനം പ്രധാനമായും ചൈനയില്‍ നിന്നും തെക്ക് കിഴക്കന്‍ ഏഷ്യയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. മാര്‍ച്ച്‌ 31ന് അവസാനിച്ച സാമ്ബത്തിക വര്‍ഷം 781 ദശലക്ഷം യുഎസ് ഡോളറിന്റെ ടെലിവിഷന്‍ ഇറക്കുമതിയാണ് നടന്നത്. ഇതില്‍ 428 ദശലക്ഷം രൂപയുടെ കളര്‍ ടെലിവിഷനും ഇറക്കുമതി ചെയ്തത് വിയറ്റ്‌നാമില്‍ നിന്നാണ്. 292 ദശലക്ഷം യുഎസ് ഡോളറിന്റെ ഇറക്കുമതിയാണ് ചൈനയില്‍ നിന്ന് ഉണ്ടായത്.

ആപ്പ് നിരോധനത്തിന് പിന്നാലെ ഇറക്കുമതി നിയന്ത്രണം കൂടി വരുന്നത് ചൈനക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. വിയു, ടിസിഎല്‍ തുടങ്ങിയ കമ്ബനികളെയാണ് ഇത് കൂടുതലായി ബാധിക്കുക. സോണി, എല്‍ജി, ഷവോമി, സാംസംഗ് തുടങ്ങിയ മുന്‍നിര കമ്ബനികളുടെ ടെലിവിഷന്‍ ഉത്പാദനത്തെയും ഇത് ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പെടുത്തിയത് വിലക്കയറ്റത്തിന് കാരണമാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഗാല്‍വാന്‍ താഴ്വരയില്‍ 20 ജവാന്മാരുടെ ജീവത്യാഗത്തിനിടയാക്കിയ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം ചൈനക്ക് എതിരെ ഇന്ത്യ ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. ചൈനീസ് കമ്ബനികളുമായുണ്ടാക്കിയ റെയില്‍വേ, റോഡ് ടെന്‍ഡറുകള്‍ സര്‍ക്കാര്‍ നേരത്തെ റദ്ദാക്കിയിരുന്നു. ദേശീയ സുരക്ഷാ കാരണങ്ങളാല്‍ ടിക്ക് ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. സൈബര്‍ സുരക്ഷ ഭീഷണിയെത്തുടര്‍ന്ന് ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും വൈദ്യുതി ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ അനുവദിക്കില്ലെന്ന് കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍ കെ സിംഗ് ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് കളര്‍ ടിവിക്കും നിയന്ത്രണം കൊണ്ടുവരുന്നത്.hs mehnthi

Leave a Reply

Your email address will not be published. Required fields are marked *

1 + ten =

Sponsors