ശ്രീജിവിന്റെ മരണം സി ബി ഐ നിലപാട് പുനപരിശോധിക്കണം : സര്‍ക്കാര്‍

tvm sreejith

തിരുവനന്തപുരം: നെയ്യാറ്റിൻകര കുളത്തൂർ വെങ്കടമ്പ് പുതുവൽപുത്തൻ വീട്ടിൽ ശ്രീജിവിന്റെ മരണത്തെ കുറിച്ച് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കാൻ പറ്റില്ലെന്ന നിലപാട് പുനഃപരിശോധിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടും. ഇത് സംബന്ധിച്ച് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് കത്തെഴുതാൻ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ശ്രീജീവിന്റെ ഘാതകരെ കണ്ടെത്താൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ 764 ദിവസമായി സമരം ചെയ്യുന്ന സഹോദരൻ ശ്രീജിത്തിനോട് അനുഭാവ പൂർണമായ നിലപാടാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

രണ്ട് വർഷം പിന്നിടുന്ന ശ്രീജിത്തിന്റെ സമരം ഫേസ്ബുക്കിലും വാട്സ്ആപ്പിലും ചർച്ചയായതോടെ രാഷ്ട്രീയ നേതാക്കളും എത്തിതുടങ്ങിയിരുന്നു. ഇന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ശ്രീജിത്തിനെ സന്ദർശിച്ചു. ആവശ്യമായ നിയമസഹായവും അഭിഭാഷകനെയും നൽകാമെന്നും ചെന്നിത്തല ഉറപ്പ് നൽകി. പിന്നാലെ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രകാശ് ബാബു ശ്രീജിത്തിനൊപ്പം ഉപവാസം ആരംഭിച്ചു. ഉച്ചയോടെ ശ്രീജിത്തിനെ സന്ദർശിച്ച ഡി.വൈ.എഫ്.ഐ നേതാക്കളായ എ.എ.റഹീം, ഐ.സാജു, ഐ.പി.ബിനു എന്നിവരും ഹൈക്കോടതിയിൽ കേസ് നടത്തുന്നതിനാവശ്യമായ നിയമസഹായം നൽകാമെന്ന് അറിയിച്ചു.

രണ്ട് ദിവസത്തിനിടെയാണ് ശ്രീജിത്തിന്റെ സമരത്തെ നവമാദ്ധ്യമങ്ങൾ ഏറ്റെടുത്തത്. ‘നീതി വൈകുന്നതും നീതി നിഷേധമാണെന്ന ‘ഹാഷ് ടാഗിലൂടെയാണ് ശ്രീജിത്തിന്റെ സമരത്തിന് ഇവർ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ സെക്രട്ടേറിയറ്റിന് മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ.

ഇതിനിടെ സമരം ചെയ്യുന്ന ശ്രീജിത്തിനോട് ക്ഷമ ചോദിച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രൻ. എഴുന്നൂറു ദിവസത്തിലധികം ഒരു ചെറുപ്പക്കാരൻ നീതിക്കു വേണ്ടി നിലവിളിച്ചിട്ടും ഇന്നിപ്പോൾ വിലപിക്കുന്ന ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നും മനസസാക്ഷിക്കുത്ത് ഉള്ളത് കൊണ്ടാണ് ഒരുപാടുപേർ നിർബന്ധിച്ചിട്ടും ശ്രീജിത്തിനെ കാണാൻ പോവാതിരുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനും ശ്രീജിത്തിനെ സന്ദർശിച്ചതിന് പിന്നാലെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

”രമേശ് ചെന്നിത്തല ഇന്നു കാണിച്ചത് പോലുള്ള മനസാക്ഷിയില്ലാത്ത പണിക്കു പോകാൻ പറ്റാത്തതു കൊണ്ടുമാത്രമാണ് ശ്രീജിത്തിനെ കാണാൻ പോകാതിരുന്നത്. ചെന്നിത്തലയുടെ കാലത്താണ് ശ്രീജിത്തിന്റെ സഹോദരൻ കൊലചെയ്യപ്പെട്ടത്. അദ്ദേഹത്തിന്റെ പോലീസാണ് എല്ലാം തേച്ചുമാച്ചുകളഞ്ഞതും. ഇക്കാര്യത്തിൽ പിണറായിയെ കുറ്റപ്പെടുത്തുന്നത് ന്യായവുമല്ല. ഇങ്ങനെ ഒരുപാടു കേസുകൾ പോലീസ് കേരളത്തിൽ തേച്ചുമാച്ചു കളഞ്ഞിട്ടുമുണ്ട്”- അദ്ദേഹം പറഞ്ഞു എല്ലാ തെളിവുകളും നശിപ്പിച്ചു കളഞ്ഞ ശേഷം സി.ബി.ഐ അന്വേഷിക്കണമെന്ന് പറയുന്നതിൽ യുക്തിയില്ലെന്നും ഈ ഒറ്റയാൾ സമരം കാണാതെ പോയതിൽ ശ്രീജിത്തിനോട് ഹൃദയത്തിൽ തൊട്ട് ക്ഷമ ചോദിക്കുന്നുവെന്നും കെ. സുരേന്ദ്രൻ പറ‌ഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

eighteen − 15 =

Sponsors