കംപ്യൂട്ടറിന് ഇനി എടിഎം കാര്‍ഡ്‌ വലിപ്പം

CARD COMPUTER

സാങ്കേതികവിദ്യകള്‍ അനുദിനം മാറുകയാണ്. കാലത്തിനനുസരിച്ച് കെട്ടുംമട്ടും മാറി പ്രത്യക്ഷപ്പെടുന്ന ഡെസ്‌ക്ടോപ്പ്‌ലാപ്‌ടോപ് ശ്രേണിയില്‍ പുതിയൊരു വിപ്ലവമാകാന്‍ പോവുകയാണ് ഇന്റല്‍ ഉടന്‍ പുറത്തിറക്കുന്ന ക്രെഡിറ്റ്കാര്‍ഡ് വലിപ്പത്തിലുള്ള പുതിയ ഉത്പന്നം.

നേരത്തേ ഇന്റല്‍ പുറത്തിറക്കിയ ‘നെക്‌സ്‌റ് യൂണിറ്റ് ഓഫ് കംപ്യൂട്ടിങ്ങ്’ ( NUC ) ഉപകരണത്തിനു പിന്നാലെ കംപ്യൂട്ടറിന്റെ ഒരു മെമ്മറി സ്റ്റിക്ക് രൂപത്തില്‍ ഒതുക്കിയ ഉത്പന്നവും  ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. വിന്‍ഡോസ് 10 ല്‍ പ്രവര്‍ത്തിക്കുന്ന ഈ ക്വാഡ്‌കോര്‍ ഇന്റല്‍ അറ്റം പ്രോസസര്‍ അധിഷ്ഠിത ‘കമ്പ്യൂട്ടര്‍ സ്റ്റിക്കി’ല്‍ 2 ജിബി റാമും ഇന്റല്‍ എച്ച്ഡി ഗ്രാഫിക്‌സ് കാര്‍ഡും ഒക്കെയുണ്ട്.

അതിന് പിന്നാലെയാണ് പുതിയ കംപ്യൂട്ടര്‍ ഉപകരണം എത്തുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘നെക്‌സ്‌ഡോക്കി’ന്റെ രൂപാന്തരമാണ് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചോ, റാസ്‌ബെറി പൈ ബോര്‍ഡുകളുടെ സഹായത്തോടെയോ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സ്റ്റിക്കുകള്‍ ഉപയോഗിച്ചോ പൂര്‍ണ്ണശേഷിയുള്ള ഒരു കമ്പ്യൂട്ടര്‍ ആയി മാറ്റാന്‍ കഴിയുന്ന ഒരു 14 ഇഞ്ച് സ്‌ക്രീന്‍, കീബോര്‍ഡ്, ബാറ്ററി എന്നിവ ഉള്‍ക്കൊള്ളുന്ന ലാപ്‌ടോപ് സമാനമായ ഒരു ഉത്പന്നമായിരുന്നു ‘നെക്‌സ്‌ഡോക്ക്’. അടുത്ത തലമുറ കമ്പ്യൂട്ടര്‍ എന്ന വിശേഷണവുമായെത്തിയ ഇവയുടെ നൂതനരൂപമാണ് ഉടന്‍ വിപണിയിലെത്തുന്നത്.

ഏതു ഉപകരണം ഉപയോഗിച്ചാണോ നെക്‌സ്‌ഡോക്കിനെ ഒരു കമ്പ്യൂട്ടര്‍ ആക്കി മാറ്റുന്നത്; ആ ഉപകരണം ഡോക്കിന് പുറത്ത് പ്രത്യേകം സൂക്ഷിക്കേണ്ടി വരുമെന്നുള്ളതായിരുന്നു പഴയ  ‘നെക്‌സ്‌ഡോക്ക്’ കംപ്യൂട്ടറിന്റെ പ്രധാന പ്രശ്‌നം. ഒരു സ്മാര്‍ട്ട്‌ഫോണോ റാസ്‌ബെറി പൈ കിറ്റോ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ സജ്ജമാക്കുന്ന വേളയില്‍ ഇവയൊക്കെതന്നെ ആ ഗാഡ്ജറ്റിന്റെ  പോര്‍ട്ടബിള്‍ എന്ന സ്വാതന്ത്ര്യത്തെ കവര്‍ന്നെടുക്കുന്നു എന്ന കണ്ടെത്തലാണ് പുതിയ നെക്‌സ്‌ഡോക്കിന് പ്രേരകമായത്.

ഈ ജനുവരി ആദ്യവാരം നടന്ന ‘കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ’യില്‍ ( CES 2017 ) ഇന്റല്‍ അവതരിപ്പിച്ച ക്രെഡിറ്റ്കാര്‍ഡ് വലിപ്പത്തിലുള്ള കമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് പുതിയ നെക്‌സ്‌ഡോക്ക് പ്രവര്‍ത്തിക്കുന്നത്. വെറും 95 മില്ലിമീറ്റര്‍ നീളവും, 55 മില്ലിമീറ്റര്‍ വീതിയും, 5 മില്ലിമീറ്റര്‍ കനവും മാത്രമുള്ള കംപ്യൂട്ട് കാര്‍ഡുകള്‍’ഉള്‍കൊള്ളാന്‍ ശേഷിയുള്ളവയാണ് പുതിയ നെക്‌സ്‌ഡോക്കുകള്‍. ഈ കാര്‍ഡുകളാണ് പുതിയ  നെക്‌സ്‌ഡോക്കിന്റെ തലച്ചോറായി പ്രവര്‍ത്തിക്കുക.

പുതിയ തലമുറ നെക്‌സ്‌ഡോക്കുകള്‍ വിപണിയിലെത്തുന്നതോടെ ആവശ്യത്തിനാണ്‌സരിച്ച്  കമ്പ്യൂട്ടര്‍ മാറുന്ന രീതിക്ക് അവസാനമാകും. എന്റര്‍ടെയിന്‍മെന്റ് ആവശ്യങ്ങള്‍ക്ക് ഒരു പിസിയോ ലാപ്‌ടോപ്പോ ഉപയോഗിക്കുന്ന ആള്‍ ഓഫീസ് ആവശ്യത്തിന് മറ്റൊരു പിസിയോ ലാപ്പോ ഉപയോഗിക്കുന്നത് പതിവാണല്ലോ. എന്നാല്‍ ഈ രീതിക്ക് മാറ്റം വരുത്തുത്തുന്ന ഒന്നായായിരിക്കും ഇന്റലിന്റെ കംപ്യൂട്ട് കാര്‍ഡുകള്‍.

ഉപയോഗരീതിക്കനുസരിച്ച് സ്‌ക്രീനും കീപാഡും അടങ്ങുന്ന ഡോക്കിലെ സ്ലോട്ടിലേക്ക് ഇന്റല്‍ നിര്‍മ്മിത കംപ്യൂട്ട് കാര്‍ഡ് കടത്തി വയ്ക്കുന്നതിലൂടെ ആവശ്യമുള്ള കോണ്‍ഫിഗറേഷനിലുള്ള  കമ്പ്യൂട്ടര്‍ തയാറാകും. ഡോക്കിന്റെ കീബോര്‍ഡ് മാറ്റിയാല്‍ ഒരു ടാബ് ആയും ഉപയോഗിക്കാം.ഈ വര്‍ഷം പകുതിയോടെ ഇന്റല്‍ വിപണിയിലെത്തിക്കുന്ന കാര്‍ഡിനൊപ്പം തന്നെയാകും പുതിയ നെക്‌സ്‌ഡോക്കും വിപണിയിലെത്തുക. ഈ കാര്‍ഡുകളുടെ വരവോടെ കമ്പ്യൂട്ടര്‍ അപ്‌ഗ്രേഡിംഗ് ചെലവ് കുറഞ്ഞതും എളുപ്പമേറിയതുമാകും.

9000 രൂപയ്ക്കടുത്ത് മാത്രം വില പ്രതീക്ഷിക്കുന്ന ഈ ഡോക്കില്‍ ഉപയോഗിക്കുന്ന കാര്‍ഡിന് അതിന്റെ ശേഷിക്കനുസരിച്ച് വില നല്‍കേണ്ടി വരും. ഇന്റല്‍ ഏഴാംതലമുറ പ്രൊസസര്‍ കരുത്ത് പകരുന്ന കാര്‍ഡുകളാണിവ.മെമ്മറി സ്റ്റിക്ക് പോലെയോ എടിഎം കാര്‍ഡുപോലെയോ പോക്കറ്റില്‍ കമ്പ്യൂട്ടര്‍ കൊണ്ട് നടക്കുന്ന യുഗമാകും വരാനിരിക്കുന്നതെന്ന് ഇന്റലില്‍ കംപ്യൂട്ട് കാര്‍ഡും അത് പ്രവര്‍ത്തിപ്പിക്കാനുള്ള നെക്‌സ്‌ഡോക്കും വിളിച്ചോതുന്നു. നാളെയൊരു പക്ഷേ, നിങ്ങളുടെ കീശയിലെ പേഴ്‌സില്‍ ക്രെഡിറ്റ്കാര്‍ഡിനും എടിഎം കാര്‍ഡിനുമൊപ്പം നിങ്ങളുടെ കമ്പ്യൂട്ടറും ഇടംപിടിച്ചാല്‍ അത്ഭുതപ്പെടാനില്ല.

Leave a Reply

Your email address will not be published. Required fields are marked *

nineteen − 2 =

Sponsors