ചാവക്കാട് മറൈന്‍ ഡ്രൈവ് മോഡല്‍ പാതനിര്‍മ്മാണത്തിന് മാസ്റ്റര്‍പ്ലാന്‍

ckd

ചാവക്കാട്: നഗരസഭയുടെ അഭിമാന പദ്ധതികളിലൊന്നായ ബ്ലാങ്ങാട് ബീച്ച് മുതല്‍ പുത്തന്‍കടപ്പുറം വരെയുള്ള മറൈന്‍ഡ്രൈവ് മോഡല്‍പാതനിര്‍മ്മാണത്തിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാവുന്നു.മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി തിരുവനന്തപുരം ജിപ്ടാക് ഇന്‍റര്‍നാഷണല്‍ എന്ന സ്ഥാപനം സമര്‍പ്പിച്ച ടെന്‍ഡര്‍ വ്യാഴാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം അംഗീകരിച്ചു.താലൂക്ക് ആസ്പത്രിയുടെ നവീകരണത്തിനും ഈ സ്ഥാപനം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും.നഗരസഭയില്‍ ഖരമാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കുന്നതിന് വിശദമായ പദ്ധതി രൂപ രേഖ (ഡി.പി.ആര്‍) തയ്യാറാക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. നഗരസഭയില്‍ നടപ്പിലാക്കുന്ന ലൈഫ് ഭവന പദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക അംഗീകരിച്ചു.

സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്ത 318 പേരും ഭൂമി ഉളളവരും എന്നാല്‍ ഭവനരഹിതരുമായ 22 പേരുമാണ് ഈ പട്ടികയിലുള്ളത്. നഗരസഭ 2016-17 വര്‍ഷം നടപ്പിലാക്കിയ പദ്ധതികളായ 20 വയസ്സിന് താഴെയുളള പെണ്‍കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം, സ്ത്രീകള്‍ക്ക് യോഗ പരിശീലനം എന്നിവ ഈ വര്‍ഷം നടപ്പിലാക്കുന്നതിനായി 2017-18 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ 6 ലക്ഷം രൂപ വകയിരുത്തി.നഗരസഭ 5-ാം വാര്‍ഡില്‍ സ്വന്തമായി കെട്ടിടമില്ലാത്ത 112-ാം നമ്പര്‍ അങ്കണവാടിക്ക് കെട്ടിടനിര്‍മ്മാണത്തിനായി തയ്യാറാക്കിയ 11,43,302 രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു. മുതുവട്ടൂരില്‍ തെരുവുവിളക്കുകള്‍ പകല്‍സമയത്ത് തെളിയുന്നതിനെ കുറിച്ച് പല തവണ കെ.എസ്.ഇ.ബി.അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും കാര്യമായ നടപടി ഉണ്ടാവുന്നില്ലെന്ന് കെ.എസ്.ബാബുരാജ് പറഞ്ഞു.തെരുവുവിളക്കുകള്‍ തെളിയുന്നതിനുള്ള ടൈമറുകള്‍ തെറ്റായാണ് പലയിടത്തും പ്രവര്‍ത്തിക്കുന്നതെന്നും ബാബുരാജ് പറഞ്ഞു.യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ അധ്യക്ഷനായി.വൈസ് ചെയര്‍പേഴ്സന്‍ മഞ്ജുഷ സുരേഷ്, വിവിധ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എ.സി.ആനന്ദന്‍, എ.എ.മഹേന്ദ്രന്‍, സഫൂറ ബക്കര്‍, കെ.എച്ച്.സലാം,എം.ബി.രാജലക്ഷ്മി തുടങ്ങിയവരും കൗണ്‍സില്‍ അംഗങ്ങളും സൂപ്രണ്ട് പി.ജി.സുര്‍ജിത്ത്, അസി.എക്സി.എഞ്ചിനീയര്‍ രേഖ.പി.ആനന്ദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പോള്‍ തോമസ് എന്നിവരും പങ്കെടുത്തു.

പൂക്കുളം പദ്ധതിക്ക് രണ്ട് ലക്ഷം

ദീര്‍ഘകാലമായി ശോചനീയവസ്ഥയിലായിരുന്ന ഒമ്പതാം വാര്‍ഡിലെ പൂക്കുളം നവീകരണത്തിനായി സര്‍ക്കാര്‍ ഹരിതം മിഷനില്‍ ഉള്‍പ്പെടുത്തി 2 ലക്ഷം രൂപ അനുവദിച്ചതായി ചെയര്‍മാന്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.കുളത്തിലെ ചണ്ടിയും മാലിന്യവും നീക്കം ചെയ്യുന്നതിനാണ് ഈ ഫണ്ട് ഉപയോഗിക്കുക. ഇതിനായി മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കി.2013 മുതല്‍ പൂക്കുളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ വാര്‍ഡ് കൗണ്‍സിലര്‍ കെ.വി സത്താറിന്‍റെ നേതൃത്വത്തില്‍ വികസന സമിതി, ഗുരുവായൂര്‍ എയര്‍പോര്‍ട്ട് വികസന സമിതി ചെയര്‍മാന്‍ രവി പനക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സര്‍ക്കാരില്‍ നിരന്തരമായി നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ പൂക്കുളം നവീകരണത്തിനായി 72 ലക്ഷം രൂപ അനുവദിച്ചിരുന്നു.ടെന്‍ഡര്‍ കഴിഞ്ഞ ഈ പദ്ധതി ഇപ്പോഴും സര്‍ക്കാരിന്‍റെ പരിഗണനയിലാണ്.

പാലയൂര്‍ ടൂറിസം വികസന പദ്ധതി നടപ്പിലാക്കണമെന്ന് പ്രമേയം

സെന്‍റ് തോമസിനാല്‍ സ്ഥാപിതമെന്ന് വിശ്വസിക്കുന്ന പാലയൂര്‍ സെന്‍റ് തോമസ് ദേവാലയത്തിലേക്കുള്ള ജലഗതാഗതമാര്‍ഗം പുനരാവിഷ്ക്കരിച്ച് ജലഗതാഗത ടൂറിസം വികസനപദ്ധതി നടപ്പിലാക്കണമെന്ന് കൗണ്‍സിലര്‍ വി.ജെ.ജോയ്സി ആവശ്യപ്പെട്ടു.ഇതിനായി കനോലികനാലില്‍ നിന്ന് പാലയൂര്‍ ബോട്ടുകുളത്തിലേക്കുള്ള തോട് കൈയ്യേറ്റം ഒഴിപ്പിച്ച് വീതികൂട്ടി വലിയ ബോട്ടുകള്‍ക്ക് കടന്നുപോകാന്‍ പര്യാപ്തമാക്കണം.പദ്ധതി ചാവക്കാടിന്‍റെ ടൂറിസം മേഖലക്ക് പുതിയ മുഖച്ഛായ നല്‍കും.പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ ശ്ര്ദ്ധയില്‍പെടുത്തി നഗരസഭ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും വി.ജെ.ജോയ്സി പ്രമേയം വഴി ആവശ്യപ്പെട്ടു. യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ അധ്യക്ഷനായി.വൈസ് ചെയര്‍പേഴ്സന്‍ മഞ്ജുഷ സുരേഷ്, വിവിധ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എ.സി.ആനന്ദന്‍, എ.എ.മഹേന്ദ്രന്‍, സഫൂറ ബക്കര്‍, കെ.എച്ച്.സലാം,എം.ബി.രാജലക്ഷ്മി തുടങ്ങിയവരും കൗണ്‍സില്‍ അംഗങ്ങളും സൂപ്രണ്ട് പി.ജി.സുര്‍ജിത്ത്, അസി.എക്സി.എഞ്ചിനീയര്‍ രേഖ.പി.ആനന്ദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പോള്‍ തോമസ് എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

three × three =

Sponsors