Category Archives: banner slider news

ചാട്ടുകുളത്ത് കൊയ്ത്ത് യന്ത്രം ബസിനു മുകളിക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

ഗുരുവായൂര്‍ : ബാസിന്‍റെ മുകളിലേക്ക് ലോറിയില്‍ കൊണ്ട് പോകുകയായിരുന്ന കൊയ്ത്ത് യന്ത്രം മറിഞ്ഞ് ബസ് യാത്രക്കാരായ രണ്ടു സ്ത്രീകള്‍ക്ക് പരിക്കേറ്റു . കാവീട് ഒലക്കേങ്കില്‍ വീട്ടില്‍ ബൈജു വിന്‍റെ ഭാര്യ അല്‍ഫോണ്‍സ ബൈജു 42 ,വൈലത്തൂര് കൂര്‍ക്കപറമ്പില്‍ മധു സൂദനന്‍ മകള്‍ ഐശ്വര്യ 17 എന്നിവര്‍ക്കാണ് പരിക്കേറ്റത് . ഇവരെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഇന്ന് രാവിലെ ചാട്ടുകുളത്തെ വളവില്‍ ആണ് അപകടം നടന്നത് . അമിത് വേഗതയില്‍ പോയ ലോറി വളവില്‍ വീശി ഓടിച്ചപ്പോള്‍ , എതിരെ നിന്നും വന്നിരുന്ന ബാസിന്‍റെ മുകളിക്ക് കൊയ്ത്ത് യന്ത്രം മറിയുകയായിരുന്നു . ലോറിയില്‍ കയറ്റിയ കൊയ്ത്ത് യന്ത്രം ബന്തവസാക്കിയിരുന്നില്ല . രാവിലെ ചാവക്കാട് നിന്നും പേരകം മല്ലാട് കോട്ടപടി വഴി കുന്നംകുളത്തേക്ക് പോകുകയായിരുന്ന പുഞ്ചിരി ബാസിന്‍റെ മുകളിലേക്ക് ആണ് യന്ത്രം മറിഞ്ഞത് . അപകടം ഉണ്ടായതിനെ തുടര്‍ന്ന്‍ രാവിലെ ഇത് വഴിയുള്ള ഗതാഗതം തടസപ്പെട്ടു . പാലക്കാട്‌ ഭാഗത്തേക്ക് പോകേണ്ട കൊയ്ത്ത് യന്ത്രം കയറ്റിയ ലോറി വഴി തെറ്റിയാണ് ഗുരുവായൂര്‍ റോഡിലേക്ക് കടന്ന്‍ ചാട്ടുകുള ത്ത് എത്തിയത്. പോലിസ് എത്തി ഗതാഗതം വാഹനങ്ങള്‍ മാറ്റി ഗതാഗതം പുന സ്ഥാപിച്ചു .

സുപ്രീംകോടതി കൊളീജിയത്തില്‍ രാഷ്ട്രീയ ,സാമൂഹ്യ രംഗത്തെ പ്രഗത്ഭരെയും ഉള്‍പ്പെടുത്തണം : കെ വേണു

ഗുരുവായൂര്‍ : ജുഡീഷ്യറിയിലെ അപചയം തുറന്നു പറയാന്‍ ജഡ്ജി മാര്‍ തയ്യാറായത് ഒരു നല്ല നീക്കമാണ് എന്ന്‍ കെ വേണു അഭിപ്രായപ്പെട്ടു .തങ്ങള്‍ക്ക് മേലെ ആരുമില്ലെന്ന ധാരണ ഏതാനുംജഡ്ജിമാര്‍ ചോദ്യം ചെയ്യപ്പെട്ടതോടു കൂടി ജുഡീഷ്യറിക്ക് ഒരു വഴിത്തിരിവ് ആണ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു . സുപ്രീംകോടതിയിലെ കൊളീജിയത്തിനു പകരം രാഷ്ട്രീയ ,സാമൂഹ്യ രംഗത്തെ പ്രഗത്ഭരെയും കൂടി ഉള്‍പ്പെടുത്തി കൊണ്ടുള്ള കൊളീജിയമാണ് രൂപീകരിക്കേണ്ടത് . ഇത് ഇന്നല്ലെങ്കില്‍ നാളെ ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാമെന്നും വേണു കൂട്ടിച്ചേര്‍ത്തു . ഗുരുവായൂരിലെ രാഷ്ട്രീയ വിമര്‍ശകനും എഴുത്ത് കാരനുമായ സി എം ദാമോദരന്റെ എഴുപതാം പിറന്നാള്‍ ദിനത്തില്‍ സുഹൃത്തുക്കള്‍ സംഘടിപ്പിച്ച സുഹൃത് സംഗമം ഗോകുലം ശബരിയില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ വേണു . ദാമോദരന്‍ എഴുതിയ ചിതറിയ ചിന്തകള്‍ എന്ന സമാഹാരം ആലങ്കോട് ലീലാകൃഷ്ണന്‍ എഴുത്തുകാരന്‍ ശത്രുഘ്നന് നല്‍കി പ്രകാശനം ചെയ്തു . ഗോകുലം ഗോപാലന്‍ , സുകുമാരന്‍ പുറന്തേടത്ത് , കുട്ടി കൃഷ്ണന്‍ നാരായണ നഗരം , അപ്പുകുട്ടി വടകര , രാധാകൃഷ്ണന്‍ കാക്കശ്ശേരി ,സംസ്ഥാന പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന ആധ്യക്ഷന്‍ ജെ അജിത്‌ കുമാര്‍ , മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്‌ ,അഡ്വ എ വേലായുധന്‍ ,ക്യാപ്റ്റന്‍ എം ജയപ്രകാശ് ,അഡ്വ സി വത്സലന്‍ , കെ വി മോഹന കൃഷ്ണന്‍ , ഷാജു പുതൂര്‍ പഴയകാല സിനിമ നടന്‍ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു . ചടങ്ങില്‍ രാജന്‍ പാലക്കാട്‌ , കെ ജി മാസ്റ്റര്‍ , പാങ്ങില്‍ ഭാസ്കരന്‍ ,ശിവ പ്രസാദ്‌, കാര്‍ത്തികേയന്‍ , വേലപ്പന്‍ , തുടങ്ങിയവരെ ആദരിച്ചു

സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസത്തിന്‍റെ ഭാഗമാക്കണം : മന്ത്രി മൊയ്തീന്‍

വടക്കാഞ്ചേരി : സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസത്തിന്‍റെ ഭാഗമാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പുഴകളും തോടുകളും സംരക്ഷിക്കണമെന്നും വ്യവസായ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. എരുമപ്പെട്ടി ഗവണ്‍മെന്‍റ ് ഹയര്‍ സെക്കറി സ്കൂളിന്‍റെ ബജറ്റ് വിഹിതമായി ലഭിച്ച 2 കോടി രൂപ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന പുതിയ ഹയര്‍ സെക്കറി സ്കൂള്‍ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്കായി പുഴ-തോട് സംരക്ഷണം, കുടിവെളള സ്രോതസ്സകളുടെ സംരക്ഷണം, നീര്‍ച്ചാലുകളുടെ പരിപോഷണം എന്നിവയുമായി ബന്ധപ്പെട്ടുളള കര്‍മ്മപരിപാടി പാഠ്യപദ്ധതിയില്‍ ആവിഷ്ക്കരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു്. പുഴകളും തോടുകളും നീര്‍ച്ചാലുകളും സംരക്ഷിക്കുന്നതിനോടൊപ്പംതന്നെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂളിന്‍റെ തുടര്‍വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 3 കോടി രൂപയും എരുമപ്പെട്ടി ഗവണ്‍മെന്‍റ ് എല്‍ പി സ്കൂളിന് ഒരു കോടി രൂപയും വികസന ഫില്‍ നിന്ന് അനുവദിക്കുമെന്നും എ സി മൊയ്തീന്‍ കൂട്ടിച്ചേര്‍ത്തു. 776.16 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ മൂന്നു നിലകളിലായാണ് പുതിയ സ്കൂള്‍ കെട്ടിടം. ഒന്‍പതു ക്ലാസ് മുറികള്‍, കോണി മുറി, വരാന്ത എന്നിവയും ഇതോടൊപ്പം നിര്‍മ്മിക്കുന്നു്. യോഗത്തില്‍ വടക്കാഞ്ചോരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ് എസ് ബസന്ത്ലാല്‍ അദ്ധ്യക്ഷത വഹിച്ചു. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡ് മീന ശലമോന്‍, വൈസ് പ്രസിഡ് കെ ഗോവിന്ദന്‍കുട്ടി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ കെ കബീര്‍, പഞ്ചായത്തംഗം റോസി പോള്‍, പ്രാധാനാദ്ധ്യാപിക എ എസ് പ്രേംസി, പി ടി എ പ്രസിഡ് എം എ ഉസ്മാന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. പി ഡബ്യൂ ഡി ബില്‍ഡിംഗ് വിഭാഗം അസിസ്റ്റന്‍റ ് എഞ്ചിനീയര്‍ സെബാസ്റ്റ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം കല്ല്യാണി എസ് നായര്‍ സ്വാഗതവും പ്രിന്‍സിപ്പാള്‍ സി എം പൊന്നമ്മ നന്ദിയും പറഞ്ഞു. ദേശീയ സ്കൂള്‍ കായികമേളയില്‍ പുരസ്ക്കാരം നേടിയ ജംഷീല സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പുരസ്ക്കാരം നേടിയ ശ്രീരഞ്ജ്, ശാസ്ത്രമേളയില്‍ സമ്മാനം നേടിയ ഫ്രെസ്റ്റി ഫ്രാന്‍സീസ് തുടങ്ങിയ സ്കൂളിലെ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ മന്ത്രി ആദരിച്ചു.

ഔഷധ തോട്ടത്തിലെ “മുറികൂടി”യുടെ കായ കഴിച്ച 14 സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ഗുരുവായൂര്‍ : ഗുരുവായൂർ ബ്രഹ്മംകുളം വി.ആർ അപ്പുമാസ്റ്റർ സ്ക്കൂളിലെ ഔഷധ സസ്യ തോട്ടത്തിലെ ചെടിയുടെ കായ കഴിച്ച 14 വിദ്യാര്‍ഥികള്‍ അവശ നിലയില്‍ ആയതിനെ തുടര്‍ന്ന് അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഉച്ചക്ക് സ്കൂളിലെ ഔഷധ സസ്യ തോട്ടത്തിലെ മുറികൂടി എന്ന ഔഷധ സസ്യത്തിന്റെ കായ കഴിച്ച ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ വീട്ടിലെത്തി ശര്‍ധില്‍ തുടങ്ങിയതോടെ മുതുവട്ടൂര്‍ രാജാ ആശുപത്രിയ്ല്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു . അജയ് ഇരിങ്ങപ്രം , ഗോകുല്‍ എം എം ബ്രഹ്മകുളം ,പ്രണവ് ഗുരുവായൂര്‍ ,കെ എം നിഖില്‍ ഇരിങ്ങപ്രം ,ടി ജി സഞ്ജയ്‌ ബ്രഹ്മകുളം ,അനന്തു ബ്രഹ്മകുളം ,പി എ അജ്മല്‍ പോര്‍ക്കളങ്ങാട് ,കെ എ അക്ഷയ് ചോവല്ലുര്‍ ,കാര്‍ത്തിക് കണ്ടാണശ്ശേരി ,സുഷില്‍ കണ്ടാണശ്ശേരി ,ഫെസ്ടിന്‍ ബ്രഹ്മകുളം ,കിരണ്‍ പ്രേം ബ്രഹ്മകുളം , അനന്തകൃഷ്ണന്‍ ബ്രഹ്മകുളം ,അനസ് ഇരിങ്ങപ്രം ,വിഷ്ണു ഇരിങ്ങപ്രം ,ഗോകുല്‍ കൃഷ്ണ ഇരിങ്ങപ്രം എന്നിവരാണ് അമല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത് . ഇവരുടെ ആരോഗ്യ നിലയില്‍ ആശങ്ക പ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു . സ്കൂള്‍ പ്രിന്‍സിപല്‍ ജിതമോളുടെ നേതൃത്വത്തില്‍ അധ്യാപകരും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്

പാലയൂര്‍ സെന്‍റ് തോമസ് എല്‍ പി സ്ക്കൂളിന്‍റെ 110 ാം വാര്‍ഷികാഘോഷം

ചാവക്കാട് : പാലയൂര്‍ സെന്‍റ് തോമസ് എല്‍ പി സ്ക്കൂളിന്‍റെ 110 ാം വാര്‍ഷികവും വിരമിക്കുന്ന അധ്യാപിക സിസ്റ്റര്‍ ഉഷയ്ക്കുള്ള യാത്രയയപ്പും വിപുലമായ പരിപാടികളോടെ നടത്തുവാന്‍ പിടിഎ , എംപിടിഎ , ഒഎസ്എ സംയുക്ത യോഗം തിരുമാനിച്ചു .സ്വാഗതസംഘ രൂപീകരണയോഗം 21 ന് ഉച്ചകഴിഞ്ഞ് നലിന് സ്ക്കൂള്‍ഹാളില്‍ ചേരും . പൂര്‍വവിദ്യാര്‍ഥികളും അധ്യാപ രക്ഷകര്‍ത്താക്കളും യോഗത്തില്‍ പങ്കെടുക്കും . എം എല്‍ എ അടക്കമുള്ള ജനപ്രതിനിധികള്‍ , ബിഷപ്പ് അടക്കമുള്ള ആത്മീയ നേതാക്കള്‍ സാംസ്ക്കാരിക നേതാക്കള്‍ തുടങ്ങിയവരെ ആഘോഷപരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ തിരുമാനിച്ചു . ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ .അക്ബര്‍ യോഗം ഉദ്ഘാടനം ചെയ്തു. മാനേജര്‍ പാലയൂര്‍ തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. ജോസ് പുന്നോലിപറമ്പില്‍ , നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍മാരായ ജോയസി ആന്‍റണി , പി.വി.പീറ്റര്‍ , ഒ എസ് എ പ്രസിഡന്‍റ് മാലികുളം അബാസ് , പ്രധാന അധ്യാപകന്‍ കെ.പി.പോളി , പിടിഎ പ്രസിഡന്‍റ് എം.ജി.മനോജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു .

പാസ്പോര്‍ട്ടിന്റെ നിറം ഓറഞ്ചാക്കുന്നത് സാധാരണക്കാരെ അപമാനിക്കാന്‍ : ഉമ്മന്‍‌ചാണ്ടി

കോട്ടയം: സാധാരണക്കാരുടെ പാസ്‌പോര്‍ട്ടിന്റെ നിറം ഓറഞ്ചാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത്തരത്തില്‍ പാസ്‌പോര്‍ട്ടിന് നിറം മാറ്റല്‍ വിവേചനമാണെന്ന് ഉമ്മന്‍ചാണ്ടി രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. നിലവില്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഔദ്യോഗിക പാസ്‌പോര്‍ട്ടുകളൊഴികെ എല്ലാത്തിനും കടുംനീല പുറം ചട്ടയാണുള്ളത്. പത്താം തരം തോറ്റവരെയും, സാധാരണക്കാരായ തൊഴിലാളികളേയും അപമാനിക്കുന്നതാണു നീക്കമെന്നും, സമൂഹത്തില്‍ സമ്പര്‍ന്നര്‍ക്ക് ഒരു നീതിയും, സാധാരണക്കാര്‍ക്ക് മറ്റൊരു നീതിയും എന്ന ബിജെപിയുടെ ഇരട്ടത്താപ്പാണിതെന്നും ഉമ്മന്‍ചാണ്ടി ആഞ്ഞടിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പാസ്‌പോര്‍ട്ട് പരിഷ്‌കരണത്തിനെതിരെ ഉമ്മന്‍ ചാണ്ടി ആഞ്ഞടിച്ചത്.

പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റല്‍ ബിജെപിയുടെ വിവേചന മനോഭാവം പ്രകടമാക്കുന്ന നടപടിയാണിതെന്നും രാഹുല്‍ ഗാന്ധി രുക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് വിദേശകാര്യ മന്ത്രാലയം പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റാനുള്ള തീരുമാനം അംഗീകരിച്ചത്. ഇതോടൊപ്പം, പാസ്‌പോര്‍ട്ട് ഉടമയുടെ എമിഗ്രേഷന്‍ സ്റ്റാറ്റസും, പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ നിന്ന് ഒഴിവാക്കാനുള്ള പദ്ധതിയും പരിഗണനയിലാണ്. എമിഗ്രേഷന്‍ ആവശ്യമുള്ള പാസ്‌പോര്‍ട്ടുകള്‍ക്കാണ് ഓറഞ്ച് നിറം നല്‍കാന്‍ നീക്കം.

ഫെയ്‌സ്ബുക്ക് പോസ്റ്റ്:

പാസ്പോർട്ട് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാർശകൾ അങ്ങേയറ്റം വിവേചനപരവും, പ്രതിഷേധകരവുമാണ് . നമ്മുടെ രാജ്യത്തെ സാധാരണ പൗരന്മാർക്ക് തൊഴിലിന്റെ അടിസ്ഥാനത്തിൽ രണ്ടു നിറത്തിലുള്ള പാസ്സ്പോർട്ടുകൾ എന്നത് അധിക്ഷേപകരമായ ഒരു നടപടിയാണ്. സാധാരണക്കാരായ പ്രവാസിതൊഴിലാളികളെ രണ്ടാംകിട പൗരന്മാരാക്കുന്നത്തിന് തുല്യമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ഈ നീക്കം. ശുപാർശ നടപ്പിലാകുന്നതോടു കൂടി സാധാരണക്കാരായ തൊഴിലാളികളുടെ പാസ്സ്പോർട്ട് ഓറഞ്ചു നിറത്തിലായി മാറും, പാസ്സ്പോർട്ടിലെ മേൽവിലാസമുൾപ്പെടെയുള്ള വിവരങ്ങളുള്ള അവസാന പേജ് എടുത്തു മാറ്റാനും തീരുമാനമുണ്ടെന്നറിയുന്നു. ഒരു രാജ്യം ഒരൊറ്റ ജനത എന്ന സങ്കൽപ്പമാണ് ഇതോടു കൂടി ഇല്ലാതാവുക.കൊളോണിയൽ കാലത്തുണ്ടായിരുന്ന നിറത്തിന്റെ പേരിലുള്ള ചേരിതിരിവ് മറ്റൊരു അർത്ഥത്തിൽ സമ്പത്തിന്റെയും മറ്റും പേരിൽ പുനർജനിക്കും.
യാതൊരു കാരണവശാലും ഇത് അനുവദിച്ചു കൂടാ. പത്താം തരം തോറ്റവരെയും, സാധാരണക്കാരായ തൊഴിലാളികളെയും അപമാനിക്കുന്ന ഈ നീക്കം വലിയൊരു വിഭാഗം വരുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ നെഞ്ചത്തടിക്കുന്നതാണ്. നാടും വീടും വിട്ട് പൊരി വെയിലത്തും, മരുഭൂമിയിലും മറ്റും കഷ്ടപ്പെട്ടും, ലേബർ ക്യാംപിൽ ദുരിത ജീവിതം നയിച്ചും അവർ കരുതി വച്ച സമ്പാദ്യത്തിലാണ് ഈ രാജ്യം പുരോഗതി പ്രാപിച്ചതെന്ന സത്യം നാം വിസ്മരിച്ചുപോവരുത് . ഈ നീക്കം പ്രാബല്യത്തിൽ വരുന്നതോടെ വിദേശ രാജ്യങ്ങളിൽ ചെന്നിറങ്ങുന്ന ഇന്ത്യക്കാരനായ ഓരോ തൊഴിലാളിയെയും പാസ്സ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരിച്ചറിയാനും അവന്റെ വ്യക്തിത്വത്തെ തന്നെ ചോദ്യം ചെയ്യാനും മോശം പരിഗണന ലഭിക്കാനും മാത്രമേ ഉപകരിക്കൂ. സാധാരണക്കാരായ തൊഴിലാളികളുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന ഈ നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിചേമതിയാകൂ. സമ്പന്നർക്ക് ഒരു നീതിയും സമൂഹത്തിലെ ബഹുഭൂരിഭാഗം വരുന്ന പാവങ്ങൾക്കും തൊഴിലാളികൾക്കും മറ്റൊരു നീതിയും എന്ന ബി.ജെ.പി യുടെ ഇരട്ടത്താപ്പാണ് ഈ നീക്കം തുറന്നു കാണിക്കുന്നത്. ഇന്നാട്ടിലെ സാധാരണക്കാരും, തൊഴിലാളികളും ഇതിനെതിരെ രംഗത്ത് വരേണ്ടത് അനിവാര്യതയാണ്

ബ്ലാസ്റ്റേഴ്സിന്റെ വിജയം ശ്രീജിത്തിനു സമര്‍പ്പിച്ച്‌ മലയാളി താരങ്ങള്‍

ന്യൂഡൽഹി: സഹോദരന് നീതി ലഭിക്കാൻ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം കിടക്കുന്ന ശ്രീജിത്തിന് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്സ്ി താരങ്ങൾ. മുംബൈയുമായുള്ള മത്സരത്തിനൊടുവിൽ മലയാളികളുടെ പ്രിയതാരങ്ങളായ സി.കെ.വിനീതും റിനോ ആന്റോയുമാണ് എെഎസ്എൽ വേദിയിൽ പിന്തുണ പ്രഖ്യാപിച്ചത്. സഹോദരൻ ശ്രീജീവിൻെറ കസ്റ്റഡിമരണത്തിന് കാരണക്കാരായവർക്കെതിരെ നടപടി ഉണ്ടാവണം എന്നാവശ്യപ്പെട്ടാണ് ശ്രീജിത്ത് നിരാഹാരം കിടക്കുന്നത്. കേരളം മുഴുവൻ അലയടിക്കുന്ന പ്രതിഷേധത്തിൽ തങ്ങളും ഒപ്പം ചേരുകയാണെന്ന് സി.കെ.വിനീത് ഫേസ്ബുക്കിൽ കുറിച്ചു. “നീതി ലഭിക്കും വരെ ഒരുമിച്ച് നിന്ന് നമ്മൾ ഈ പോരാട്ടം തുടരും. ഈ വിജയം നിനക്കായ് സമർപ്പിക്കുന്നു” വിനീത് പറഞ്ഞു. ഇയാൻ ഹ്യൂമിൻെറ ഗോളിൽ 1-0നാണ് കേരള ബ്ലാസ്റ്റേഴ്സ് മുംബൈയെ തോൽപ്പിച്ചത്

എൽ കെ ജി വിദ്യാര്‍ഥിയുടെ മരണം മുഖ്യ പ്രതിക്ക് വധശിക്ഷ , കുട്ടിയുടെ അമ്മക്കും കാമുകനും ജീവപര്യന്തം

കൊച്ചി: ചോറ്റാനിക്കരയിൽ എൽ കെ ജി വിദ്യാർത്ഥിനിയെ അമ്മയും കാമുകന്മാരും ചേർന്ന് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി രഞ്ജിത്തിന് വധി ശിക്ഷ. ഏറണാകുളം പോക്സോ കോടതിയാണ് വിധി പറഞ്ഞത്. കേസിൽ കുട്ടിയുടെ അമ്മ റാണി, കാമുകന്മാരായ രഞ്ജിത്ത്, ബേസിൽ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. റാണിക്കും ബേസിലിനും ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു.

കുറ്റക്കാരന്‍ ആണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന്‍ മുഖ്യ പ്രതി രഞ്ജിത്ത് ജയിലിൽ വച്ച് വിഷം കഴിച്ചു ആത്മഹത്യാശ്രമം നടത്തിയിരുന്നു .തുടര്‍ന്ന് കോടതി പിന്നീട് വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. 2013 ഒക്ടോബർ 29നായിരുന്നു കേസിന് ആസ്പദമായ സംഭവം.വിധി പ്രഖ്യാപനത്തിനു മുമ്പേ അവിഹിത ബന്ധത്തിന് തടസ്സമാകുമെന്ന് കരുതിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. രഞ്ജിത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. പിറ്റേന്ന് കുട്ടിയെ കാണാനില്ലെന്നുപറഞ്ഞ് റാണി ചോറ്റാനിക്കര പൊലീസിലെത്തിയിരുന്നു. ഇവരുടെ മൊഴികളിൽ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ കാര്യം പുറത്തുവന്നത് സംഭവം നടക്കുമ്പോൾ റാണിയുടെ ഭർത്താവായ വിനോദ് കഞ്ചാവുകേസിൽ ജയിലിലായിരുന്നു. റാണിക്ക് രഞ്ജിത്തുമായി വർഷങ്ങളായി അവിഹിത ബന്ധമുണ്ടായിരുന്നു. മറ്റൊരു കാമുകനായിരുന്ന ബേസിൽ, സഹോദരൻ എന്ന വ്യാജേനയാണ് അമ്പാടിമലയിലെ വീട്ടിൽ റാണിക്കൊപ്പം കഴിഞ്ഞിരുന്നത്. സംഭവ ദിവസം സ്‌കൂൾവിട്ട് വീട്ടിലേക്ക് കുട്ടി വരുമ്പോൾ റാണിയും ബേസിലും സ്ഥലത്തില്ലായിരുന്നു. വീട്ടിലുണ്ടായിരുന്ന രഞ്ജിത്ത് കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഉച്ചത്തിൽ കരഞ്ഞപ്പോൾ കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ചു. ചെറുത്ത കുട്ടിയുടെ കഴുത്തിൽ കൈമുറിക്കിയ ശേഷം എടുത്ത് എറിഞ്ഞു. തലയുടെ പിൻവശം ഇടിച്ചാണ് കുട്ടി വീണത്.

തുടർന്ന് കുട്ടിയുടെ മൃതദേഹം ടെറസിന്റെ മുകളിൽ ഒളിപ്പിച്ചു. അപ്പോഴേക്കും ബേസിലും റാണിയും വീട്ടിൽ തിരികെയെത്തി. ആദ്യം തിരച്ചിൽ നടത്തിയെങ്കിലും പിന്നീട് യഥാർഥവിവരം രഞ്ജിത്ത് അറിയിച്ചു. എവിടെ മറവുചെയ്യണമെന്ന് റാണി തന്നെയാണ് നിർദേശിച്ചത്. രഞ്ജിത്തിന്റെ ആക്രമണത്തിൽ കുട്ടിയുടെ കൈയും വാരിയെല്ലും ഒടിയുകയും ജനനേന്ദ്രയത്തിൽ ആറു സെന്റിമീറ്ററോളം മുറിവുമുണ്ടായിരുന്നു

മഞ്ജു പെട്ടു , കമല്‍ ശരാശരി സംവിധായകന്‍ , ആമിക്കെതിരെ വിമര്‍ശനവുമായി ശാരദക്കുട്ടി

തൃശൂര്‍ : കമലിന്റെ ആമിക്കെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്തെത്തി. പ്രശസ്‌ത സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതം ആദ്യമായി സിനിമയിലാക്കാൻ ശ്രമിച്ചത് നിർഭാഗ്യവശാൽ കമൽ എന്ന ശരാശരി സംവിധായകനായിപ്പോയെന്നാണ് ശാരദക്കുട്ടിയുടെ വിമർശനം.എടുത്താൽ പൊങ്ങാത്ത വി.കെ എന്നിനെയും മാധവിക്കുട്ടിയേയും ഒക്കെ തൊട്ട് കാൽ വഴുതി വീഴുന്നു അദ്ദേഹം. മാധവിക്കുട്ടിയെ സിനിമയിലെടുത്തു എന്ന ആ അന്ധാളിപ്പിൽ നിന്ന് അദ്ദേഹം ഇനിയും പുറത്തു കടന്നിട്ടില്ല. അതാണദ്ദേഹം കുലീനത, നൈർമല്യം, മൂക്കുത്തി, മഞ്ജു വാര്യർ എന്നൊക്കെ പറയുന്നത്. വിദ്യാ ബാലൻ രക്ഷപ്പെട്ടു മഞ്ജു വാര്യർ പെട്ടു എന്നു പറയുന്നതാകും ശരിയെന്നും ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അസ്തമയ സൂര്യനെ നോക്കിയിരിക്കുന്ന കമലയോട് നീ ഏതു ദൈവത്തെയാണ് ധ്യാനിക്കുന്നത് എന്നു ചോദിച്ച അമ്മയോട് കമല പറഞ്ഞത്, ഞാനിഷ്ടപ്പെട്ട പുരുഷനുമായി രതിലീലകളാടുന്നത് ഭാവന ചെയ്യുകയാണ് എന്നാണ്. ആ മാധവിക്കുട്ടി ഇരുന്നിടത്ത് കമലിന്റെ പെൺ സങ്കൽപത്തെ പിടിച്ചിരുത്തിയാൽ അതിന് വല്ലാതെ പൊള്ളും. ലൈംഗികത എന്തെന്നും സ്ത്രൈണത എന്തെന്നും തിരിച്ചറിയാനാകാത്തവർ ഊർജ്ജവതികളായ ചില സ്ത്രീകളെ നേർക്കുനേർ കാണുമ്പോൾ ഇതു പോലെ പരിഭ്രമമനുഭവിക്കാറുണ്ട്. മിടുക്കരായ പെണ്ണുങ്ങളെ തൊട്ടപ്പോഴൊക്കെ അവർ വിറകൊണ്ടിട്ടുണ്ട്. ഒന്നു കൊതിക്കാൻ പോലും ധൈര്യമില്ലാതെ, വാ പൊളിച്ച് ഈത്തയൊലിപ്പിച്ചു നിന്നിട്ടുണ്ട്.

ഒരേ സമയം മാധവിക്കുട്ടിയെ ആരാധിക്കുന്നതായി ഭാവിച്ചപ്പോഴും, അവരുന്നയിച്ച സദാചാര പ്രശ്നങ്ങളെ പടിക്കു പുറത്തു നിർത്തി തങ്ങളുടെ ഭീരുത്വം ഇക്കൂട്ടർ തെളിയിച്ചു കൊണ്ടിരുന്നു. മാധവിക്കുട്ടിയെ ആദ്യമായി സിനിമയിലാക്കാൻ ശ്രമിച്ചത് നിർഭാഗ്യവശാൽ കമൽ എന്ന ശരാശരി സംവിധായകനായിപ്പോയി. എടുത്താൽ പൊങ്ങാത്ത വി കെ എന്നിനെയും മാധവിക്കുട്ടിയേയും ഒക്കെ തൊട്ട് കാൽ വഴുതി വീഴുന്നു അദ്ദേഹം. മാധവിക്കുട്ടിയെ ‘സിനിമയിലെടുത്തു’ എന്ന ആ അന്ധാളിപ്പിൽ നിന്ന് അദ്ദേഹം ഇനിയും പുറത്തു കടന്നിട്ടില്ല. അതാണദ്ദേഹം കുലീനത, നൈർമല്യം, മൂക്കുത്തി, മഞ്ജു വാര്യർ എന്നൊക്കെ പറയുന്നത്. വിദ്യാ ബാലൻ രക്ഷപ്പെട്ടു മഞ്ജു വാര്യർ പെട്ടു എന്നു പറയുന്നതാകും ശരി

ദേവസ്വം ജ്യോതിഷ പഠന കേന്ദ്രത്തിലെ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വം ജ്യോതിഷ പഠന കേന്ദ്രത്തില്‍ നിന്ന് ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സമാരണസദസ്സും നടന്നു. ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് വിതരണവും സമാദരണസദസ്സും ദേവസ്വം ചെയര്‍മാന്‍ എന്‍ പീതാംബരകുറുപ്പ് ഉദ്ഘാടനം ചെയ്തു . ഭരണസമിതി അംഗം അഡ്വ കെ ഗോപിനാഥന്‍ അധ്യക്ഷനായി.ജ്യാതിഷ പഠന കേന്ദ്രം അദ്ധ്യപകരായ കൂറ്റനാട് രാവുണ്ണി പണിക്കര്‍, എടക്കളത്തൂര്‍ പുരുഷോത്തമ്മ പണിക്കര്‍, കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര, ചുമര്‍ചിത്ര പഠന കേന്ദ്രം പ്രിന്‍സിപ്പാള്‍ കെ യു കൃഷ്ണകുമാര്‍, നളിന്‍ ബാബു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ കഞ്ഞുണ്ണി, സി അശോകന്‍, ദേവസ്വം അഡ്മിനിസ്ട്രറ്റര്‍ എം ബി ഗിരീഷ്,ടി വി ചന്ദ്രമോഹന്‍,ഒ വി നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രശസ്ത ചലച്ചിത്ര താരം രചന നാരായണന്‍കുട്ടി അവതരിപ്പിച്ച കുച്ചുപ്പുടി ഭരതം അരങ്ങേറി